പരവൂർ: നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പരവൂരിൽ സ്വകാര്യ ബസുകൾ ചീറിപ്പായുന്നത് മുന്നിലെയും പിന്നിലെയും വാതിലുകൾ അടയ്ക്കാതെ. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ബസുകളിലാണ് യാത്രക്കാരുടെ ജീവന് വില കല്പിക്കാതെ ജീവനക്കാർ തന്നിഷ്ടം കാണിക്കുന്നത്.
നിലവിൽ പരവൂർ മേഖലയിൽ ഓടുന്ന സ്വകാര്യ ബസുകളിലേറെയും ഡ്രൈവർക്ക് നിയന്ത്രിക്കാവുന്ന എയർ ഡോർ സംവിധാനമുണ്ട്. മറ്റ് ബസുകളിൽ വാതിലുകളുണ്ടെങ്കിലും കയറുപയോഗിച്ച് കെട്ടിവച്ചാണ് സഞ്ചാരം. ഓരോ സ്റ്റോപ്പുകളിലും തുറക്കാനും അടയ്ക്കാനും ബുദ്ധിമുട്ടാൻ ജീവനക്കാർ തയ്യാറല്ലാത്തതിനാലാണ് ഡോറുകൾ സ്ഥിരമായി തുറന്നിട്ടിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
അപകടങ്ങൾ നിത്യസംഭവങ്ങൾ
പരവൂരിൽ വാതിൽ തുറന്ന് യാത്ര ചെയ്ത ബസിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് സ്കൂൾ വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണതായി നാട്ടുകാർ പറയുന്നു. വീണത് റോഡരികത്തെ മൺകൂനയുടെ പുറത്തായതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് സ്വകാര്യ ബസുകളുടെ തോന്ന്യവാസം മൂലം പരവൂരിലെ റോഡുകളിൽ നടക്കുന്നത്.
പെട്ടെന്ന് ബ്രേക്കിടുമ്പോഴും കൊടുംവളവുകളിൽ തിരിയുമ്പോഴും സൂക്ഷിച്ചില്ലെങ്കിൽ റോഡിലേക്ക് തെറിച്ചുവീണത് തന്നെ. യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ ഭൂരിഭാഗം പേരും നിന്നുകൊണ്ട് യാത്ര ചെയ്യുന്നതും അപകടസാധ്യത കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. ഇതിന് പുറമെ പരവൂരിലെ റോഡുകളിൽ സ്വകാര്യബസുകൾ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
.................................................
വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ കർശനമായി നിയന്ത്രിക്കണം. അപകടം പറ്റിയതിന് ശേഷം കുറ്റപ്പെടുത്തിയിട്ടോ പശ്ചാത്തപിച്ചിട്ടോ കാര്യമില്ല.
പരവൂർ മോഹൻദാസ് (ചെയർമാൻ, യു.ഡി.ഫ് പരവൂർ മുനിസിപ്പൽ കമ്മിറ്റി)
സ്ത്രീകൾ, വിദ്യാർത്ഥികൾ, വയോധികർ തുടങ്ങിയ യാത്രക്കാർക്ക് വാതിൽ അടയ്ക്കാത്തത് വൻ ഭീഷണിയാണ്. നിയമം പാലിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ അധികൃതർ നടപടിയെടുക്കണം.
എസ്. ശ്രീലാൽ, സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി അംഗം
പരവൂർ മേഖലയിൽ മിക്ക സ്വകാര്യ ബസുകളും വാതിലുകൾ തുറന്നിട്ടാണ് സഞ്ചരിക്കുന്നത്. രാവിലെയും വൈകിട്ടും സ്കൂൾ സമയത്ത് പോലും ഇവ അടയ്ക്കാറില്ല. അമിത വേഗതയിലും മിക്ക സ്വകാര്യ ബസുകളും സഞ്ചരിക്കുന്നത്.
ജെസിൻ, ഡി.വൈ.എഫ്.ഐ പരവൂർ മേഖലാ സെക്രട്ടറി
ബസ് ജീവനക്കാർക്ക് ബോധവത്‌കരണ ക്ലാസ് നൽകുകയും പൊലീസ് നിരീക്ഷണം കർശനമാക്കുകയും വേണം.
പരവൂർ സജീവ്, പരവൂർ നഗരസഭ കൗൺസിലർ