c
കൊറോണ

 ആർക്കും രോഗം സ്ഥരീകരിച്ചിട്ടില്ല

കൊല്ലം: കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പത്തുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഇതിൽ ഇറ്റലിയിൽ നിന്നുമെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായുമായി സമ്പർക്കം പുലർത്തിയ പുനലൂരിലെ കുടുംബത്തിലെ മൂന്ന് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.

ജില്ലയിൽ ഇന്നലെ വരെ 140 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 130 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഇന്നലെ 31 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ വൈറോളജി ഇൻസ്റ്രിറ്ര്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 125 സാമ്പിളുകളിൽ 50 എണ്ണത്തിന്റെ ഫലം വരാനുണ്ട്. പരിശോധിച്ചതിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

രോഗബാധിത രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിയവർ കർശനമായും 28 ദിവസത്തെ ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന് ഡി.എം.ഒ അറിയിച്ചു. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ദുരന്തനിവാരണ നിയമമനുസരിച്ച് കസ്റ്റഡിയിലെടുക്കും. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐ.ടി പ്രകാരം നടപടിയെടുക്കും.

ഹോട്ടലുകളിലും റിസോർട്ടുകളിലും ഹോം സ്റ്റേയിലും താമസിക്കുന്ന വിദേശികളും 28 ദിവസത്തെ കർശന നിരീക്ഷണത്തിൽ കഴിയണം. ഇവരുടെ വിവരങ്ങൾ ആദ്യദിനം തന്നെ ജില്ല മെഡിക്കൽ ഓഫീസിൽ അറിയിക്കണം. ഇത് പാലിക്കാത്ത സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്ത റെയ്ഡ് നടത്തും. മാസ്‌കുകൾ പൂഴ്ത്തി വച്ച സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി നടപടി ആരംഭിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക്

പ്രത്യേക പരീക്ഷാ മുറി

ഗൃഹനിരീക്ഷണത്തിലായിരുന്ന കുട്ടികൾക്ക് പ്രത്യേക മുറി അനുവദിച്ച് സീറ്റുകൾ ക്രമീകരിക്കും. പരീക്ഷയ്ക്ക് എത്തിക്കുന്നതിനും തിരിച്ച് കൊണ്ടുപോകുന്നതിനും പ്രത്യേക വാഹനം ക്രമീകരിക്കും.