thodiyoor
കരുനാഗപ്പള്ളി ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ കിറ്റ്കോ സംഘം സ്ഥലം സന്ദർശിച്ചപ്പോൾ

തൊടിയൂർ: കരുനാഗപ്പള്ളി മണ്ഡലത്തിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിനാവശ്യമായ കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കിറ്റ്‌കോ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. തൊടിയൂരിലെ കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിനോട് ചേർന്നുള്ള സ്ഥലമാണ് കോളേജിനായി വിട്ടുനൽകുന്നത്. ഇവിടെ കോളേജിന് ആവശ്യമായ കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം നിർമിക്കുന്നതിനുള്ള മാസ്റ്റർപ്ലാനാണ് സംഘം തയ്യാറാക്കുക.

നിലവിലുള്ള അന്തരീക്ഷം നിലനിറുത്തി പരിസ്ഥിതി സൗഹൃദമായ തരത്തിലുള്ള നിർമ്മാണങ്ങളായിരിക്കും നടത്തുകയെന്ന് കിറ്റ്‌കോ പ്രതിനിധികൾ അറിയിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ കിറ്റ്കോ കൺസൾട്ടന്റ് വി. അരവിന്ദ്, ആർക്കിടെക്ട് ടീന, പ്രിൻസിപ്പൽ വിജയമ്മ, കല്ലേലിഭാഗം വില്ലേജ് ഓഫീസർ ഹരീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്. കെട്ടിടങ്ങൾ നിർമിക്കുന്നതിന് 2017 ലെ ബഡ്ജറ്റിൽ കിഫ്ബി വഴി 10 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് ഭരണാനുമതിയും ലഭിച്ചു.

മുൻ എം.എൽ.എ സി. ദിവാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ചുകോടി രൂപയുമുണ്ട്. ഈ തുക ഉപയോഗിച്ചാകും ആദ്യഘട്ടത്തിൽ കോളേജിന്റെ നിർമാണം. ഐ.എച്ച്.ആർ.ഡി കോളേജിന്റെ വകയായ 23 ഏക്കറിൽ നിന്ന് അഞ്ചേക്കർ സ്ഥലമാണ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിനായി വിട്ടുനൽകുന്നത്. സ്ഥലം കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. സ്ഥലം ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.