കൊല്ലം: വാറ്റ് കാലഘട്ടത്തിലെ ആംനെസ്റ്റി അഥവാ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പുതിയ ബഡ്‌ജറ്റിൽ നിയമ ഭേദഗതി വരുത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പിഴവുകൾക്ക് മാത്രമായിരിക്കണം പിഴ ചുമത്തേണ്ടത്. 10,000 രൂപയുടെ പിഴവ് കണ്ടെത്തിയാൽ കഴിഞ്ഞ മൂന്നുവർഷവും ഇത്തരത്തിലായിരുന്നുവെന്ന അനുമാനത്തിൽ ഒരുകോടി രൂപയുടെ നികുതിയും പിഴയും പിഴപ്പലിശയും അടയ്ക്കണമെന്ന് നോട്ടീസ് നൽകി കച്ചവടക്കാരെ പീഡിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാകമ്മിറ്റി അഭ്യർത്ഥിച്ചു. ഡിമാൻഡ് നോട്ടീസുകൾക്ക് അപ്പീൽ നൽകുന്നതിന് ഒരിക്കലും തിരിച്ചുനൽകാത്ത കോടികൾ പിരിച്ചെടുക്കുന്ന ലീഗൽ ബെനിഫിറ്റ് സ്‌കീം റദ്ദാക്കണമെന്ന യോഗം ആവശ്യപ്പെട്ടു.
ജി.എസ്.ടി കാലഘട്ടത്തിലും വാറ്റ് കാലത്തെപ്പോലെ നികുതികൾ കേരളത്തിലെ സ്വർണ വ്യാപാരികൾ അടയ്ക്കുന്നുണ്ടെന്നും രാജ്യത്തെ സാമ്പത്തിക മാന്ദ്യം വഴിയുള്ള വ്യാപാര കുറവ് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും നികുതി നൽകാതെയുള്ള കള്ളക്കടത്ത് സ്വർണം വിപണിയിൽ പിടിമുറുക്കിയതായും ജില്ലാ കമ്മിറ്റി ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് എസ്.അബ്ദുൽ നാസർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, ജില്ലാ ട്രഷറർ എസ്.പളനി, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സാദിക് ഓയൂർ, ജയചന്ദ്രൻ പള്ളിയമ്പലം, നാസർ പോച്ചയിൽ, സാബു പവിത്രം,
ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ പുനലൂർ, സെക്രട്ടറി സജീബ് ന്യൂ ഫാഷൻ, കൃഷ്ണദാസ്, ഹനീഫ ഷൈൻ,
തുടങ്ങിയവർ സംസാരിച്ചു.