ചവറ: ചവറ സ്വദേശിയായ പ്രവാസിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ കണ്ണൻ കുളങ്ങര ഒ.ഇ.എൻ റോഡ് നന്ദനത്തിൽ രഞ്ജിത്ത് വർമ്മയാണ് (40) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പ്രിയ വർമ്മയെ (35) പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇവർ അനില ഭവനത്തിൽ ബാലചന്ദ്രന്റെ കൈയിൽ നിന്ന് ബിസിനസ് തുടങ്ങുന്നതിന് രണ്ട് കോടി 65 ലക്ഷം രൂപ വാങ്ങി. ദമ്പതികളായിരുന്നു ബിസിനസ് നോക്കി നടത്തിയിരുന്നത്. ബിസിനസ് നഷ്ടമാണെന്ന് പറഞ്ഞതിനെ തുടർന്ന് ബാലചന്ദ്രൻ നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായത്. തുടർന്ന് എറണാകുളത്ത് കൊടുത്ത കേസിൽ ക്രൈം ബ്രാഞ്ച് ദമ്പതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഹൈക്കോടതിയുടെ മീഡിയേഷൻ ചർച്ചയിൽ 32 തവണയായി തുക തിരിച്ചു നൽകാമെന്ന വ്യവസ്ഥയിൽ മുപ്പത് ലക്ഷം രൂപ തിരികെ നൽകിയത് അനുസരിച്ച് ദമ്പതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
എന്നാൽ ഉടമ്പടി പ്രകാരമുള്ള തുക നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ചവറ മജിസ്ട്രേറ്റ് കോടതിയിൽ ഹൈക്കോടതിയെ വഞ്ചിച്ചെന്ന് കാണിച്ച് ബാലചന്ദ്രൻ കേസ് കൊടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചവറ എസ്.ഐ വി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ വീട്ടിൽ അറസ്റ്റ് ചെയ്യാനെത്തി. എന്നാൽ ഡ്രസ് മാറാനായി പോയ പ്രിയ വർമ്മയെ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലാക്കി. കേസിൽ അറസ്റ്റിലായ രഞ്ജിത്ത് വർമ്മയെ ചവറ കോടതിയിൽ ഹാജരാക്കി. സി.ഐ നിസാമുദ്ദീൻ, എസ്.ഐമാരായ സുമേഷ് ശശികുമാർ, എസ്.അജയകുമാർ, ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.