photo
കുരീപ്പള്ളിയിലുണ്ടായ തർക്കത്തെതുടർന്ന് അടച്ചിട്ടിരിക്കുന്ന സെന്റ് സ്റ്റീഫൻസ് പള്ളിയിൽ സംഘടിച്ചെത്തിയ വിശ്വാസികളെ പൊലിസ് പിന്തിരിപ്പിക്കുന്നു

കുണ്ടറ: അരനൂറ്റാണ്ടോളമായി അടച്ചിട്ടിരിക്കുന്ന കുരീപ്പള്ളി ജംഗ്ഷനിലെ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഇരുവിഭാഗം വിശ്വാസികൾ സംഘടിച്ചത് ആശങ്കയുണ്ടാക്കി. കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാതെ ഇരുവിഭാഗക്കാരെയും പൊലീസ് ഇടപെട്ട് ശാന്തരാക്കി. പള്ളിയുടെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള ചർച്ച ചൊവ്വാഴ്ച കൊല്ലത്ത് നടന്നിരുന്നു. കളക്ടറേറ്റിൽ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച വൈകിട്ടോടെ അലസിപ്പിരിഞ്ഞു. കൊല്ലത്ത് ചർച്ച അവസാനിച്ചതോടെയാണ് ഇരുവിഭാഗം വിശ്വാസികളും സംഘടിച്ചുതുടങ്ങിയത്. കുരീപ്പള്ളിക്ക് സമീപത്തെ വിശ്വാസികളുടെ വീടുകൾ കേന്ദ്രീകരിച്ച് സംഘടിച്ചവർ 5.30ഓടെ പള്ളിക്കുസമീപത്തേക്ക് നീങ്ങുകയായിരുന്നു. വിവരമറിഞ്ഞ് എ.സി.പി ജോർജ് കോശിയുടെ നേതൃത്വത്തിൽ നാല് ജീപ്പുകളിലായി പൊലിസ് സംഘവുമെത്തി. കുരീപ്പള്ളി ജംഗ്ഷൻ ലക്ഷ്യമാക്കി നീങ്ങിയ യാക്കോബായ വിഭാഗത്തെ പൊലീസ് പിന്തിരിപ്പിച്ചു. നൂറോളം വരുന്ന വിശ്വാസികൾ പൊലിസിന്റെ നിർദ്ദേശം അനുസരിച്ച് അകലേക്ക് മാറി. ഈസമയം കൊടി പിടിച്ച് പ്രകടനമായെത്തിയ ഓർത്തഡോക്‌സ് വിഭാഗക്കാർ പൊലിസിന്റെ നിർദ്ദേശം അവഗണിച്ച് കുരീപ്പള്ളി ജംഗ്ഷനിലെത്തി. 150ഓളംവരുന്ന ഓർത്തഡോക്‌സ് വിഭാഗക്കാർ ജംഗ്ഷനിലെ കുരിശടിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥനയും വികാരിയുടെ പ്രസംഗവും നടത്തി. ഇത് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന പ്രതീതിയുണ്ടാക്കി. രാത്രി എട്ടോടെ സായുധ പൊലിസ് സേനാംഗങ്ങളെത്തി. ശക്തമായ പൊലിസ് സന്നാഹമെത്തിയതോടെ വിശ്വാസികൾ ജംഗ്ഷനിൽനിന്ന് മാറിയെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കിയിട്ടില്ല. രാത്രി വൈകിയും കുരീപ്പള്ളി ജംഗ്ഷനിൽ കനത്ത പൊലീസ് സംഘം കാവലുണ്ട്.