theeepidutham

തൊടിയൂർ: ആര്യൻപാടത്ത് വീണ്ടും തീപിടിത്തം. ചൊവ്വാഴ്ച രാവിലെ 10.30ന് ഉണ്ടായ തീപിടിത്തം വൈകിട്ട് ആറുമണി വരെ ഫയർഫോഴ്സും നാട്ടുകാരും ചേർത്ത് നടത്തിയ പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. കൊയ്‌ത്തു കഴിഞ്ഞ പാടത്ത് കൂട്ടിയിട്ടിരുന്ന വൈക്കോലിനും ചപ്പുചവറുകൾക്കുമാണ് തീപിടിച്ചത്. ആര്യൻ പാടത്തെ ആറ് എക്കറോളം സ്ഥലത്ത് തീ പടർന്നു. കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ വാഹനങ്ങൾക്ക് ചെറിയ വഴിയായതിനാൽ സ്ഥലത്ത് എത്തിച്ചേരാനായില്ല.

നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് തീ തല്ലിക്കെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും തീപിടിത്തമുണ്ടായി. ഫയർഫോഴ്സിന്റെ ചെറിയ വാഹനം വയലിലൂടെ എത്തിച്ചാണ് തീയണച്ചത്. നേരത്തെ കൊയ്ത്തിനു മുമ്പും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു.