crime

കൊല്ലം: ഓർക്കാപ്പുറത്ത് ഒരു വീട്ടിൽ മൂന്ന് മരണമുണ്ടായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും കൊല്ലം കടയ്ക്കൽ ഇട്ടിവ ഗ്രാമം. ഇട്ടിവ വയ്യാനം പുലിയംകോണത്ത് വീട്ടിൽ സുദർശനൻ (57) ആണ് ഭാര്യ വസന്തകുമാരിയെയും (55) മകൻ സുധേഷിനെയും (വിശാഖ്-25) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദുർമരണങ്ങളുടെ വാർത്ത ഞെട്ടലോടെ നാടറിഞ്ഞത്. അപ്പോൾ മുതൽ നാട്ടുകാരുടെ മനസിൽ ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. കുടുംബ വഴക്കിന്റെ പേരിൽ ഇങ്ങനെ അരുംകൊല ചെയ്യാൻ ഒരാൾക്ക് കഴിയുമോ ? അരുംകൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?

ചോരയുടെ രൂക്ഷ ഗന്ധം

എപ്പോഴും ആളനക്കമുള്ള വീട്ടിൽ അന്ന് ആരെയും പുറത്തേക്ക് കണ്ടില്ല. വീടിന്റെ വാതിലുകൾ അടച്ചിട്ടിരിക്കുകയാണ്. എങ്ങും പോയതായും അറിയില്ല. എന്നും ഫോണിലെങ്കിലും ബന്ധപ്പെടാറുള്ള വസന്തകുമാരി ഉച്ച കഴി‌ഞ്ഞിട്ടും വിളിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ അയൽവീട്ടുകാരോട് തിരക്കിയത്. അവർ വീടിനടുത്തെത്തിയപ്പോൾ ചോരയുടെ രൂക്ഷ ഗന്ധമായിരുന്നു പരിസരമാകെ. വാതിലിൽ ചോരപ്പാടുകൾ കണ്ടതോടെ ഭീതി ഇരട്ടിച്ചു. മുട്ടിവിളിച്ചിട്ടും ആളനക്കമില്ല, ഒരുപാട് ആലോചനകൾക്ക് മുതിരാതെ അയൽക്കാർ വാതിൽ ചവിട്ടിപ്പൊളിച്ചു. അകത്ത് ഹാളിലാണ് ഒരു മൃതദേഹം കിടന്നത്. തുണികൊണ്ട് മൂടിയ മൃതദേഹത്തിൽ നിന്ന് ചോര ഒഴുകിപ്പരന്നിരുന്നു. തുണി മാറ്റിയപ്പോഴാണ് അത് വസന്തകുമാരിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ കടയ്ക്കൽ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് എത്തുംമുമ്പെ അയൽക്കാർ അടുത്ത മുറി പരിശോധിച്ചു. അവിടെ കട്ടിലിലായിരുന്നു മറ്റൊരു മൃതദേഹം. സുധേഷിന്റെ തലയിൽ നിന്ന് വാർന്നൊഴുകിയ ചോര കട്ടിപിടിക്കാൻ തുടങ്ങിയിരുന്നു. മുറിയ്ക്കകത്താകെ രൂക്ഷ ഗന്ധമായിരുന്നു. അമ്മയെയും മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഒറ്റ നോട്ടത്തിൽതന്നെ എല്ലാവർക്കും ബോദ്ധ്യമായി. കൊന്നത് സുദർശനൻ തന്നെയാകുമെന്ന് എന്തുകൊണ്ടോ അവർ ഉറപ്പിച്ചു. സുദർശനനെ കണ്ടെത്താൻ ഔട്ട് ഹൗസിൽ പരിശോധിച്ചവർ വീണ്ടും ഞെട്ടി. സുദർശനൻ അവിടെ തൂങ്ങി മരിച്ച നിലയിലായിരുന്നു.

ആയുധമെവിടെ ?

വസന്തകുമാരിയെ വെട്ടിക്കൊന്നതും സുധേഷിനെ തലയ്ക്കടിച്ച് കൊന്നതുമാണെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ, വെട്ടിയതല്ലെന്ന് ഇൻക്വസ്റ്റിൽ ബോദ്ധ്യമായി. ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചതാണെന്നാണ് പിന്നീട് വിലയിരുത്തിയത്. എന്നാൽ, അത്തരമൊരു ആയുധം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അവിടെയുണ്ടായിരുന്ന ഒരു തടിക്കഷ്ണം വച്ച് തലയ്ക്കടിച്ചതാകാമെന്ന നിഗമനത്തിലാണ് അവസാനമെത്തിയത്. ഈ തടിക്കഷ്ണവും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടമാരെയും ഫോറൻസിക് അധികൃതരെയും കാട്ടി. ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്.

കുടുംബ കലഹം

സാധാരണ കുടുംബത്തിലെ അംഗമായിരുന്ന സുദർശനൻ ചെറുപ്പകാലത്ത് പൊതുരംഗത്തും സജീവമായിരുന്നു. പള്ളിയ്ക്ക് മുന്നിൽ സന്ദേശമെഴുതിയതിന് അക്കാലത്ത് വഴക്കുണ്ടായിട്ടുണ്ട്. പിന്നീട് സൈന്യത്തിൽ ജോലി കിട്ടി. അതോടെ സുദർശനന്റെ സ്വഭാവത്തിലും കാര്യമായ മാറ്റമുണ്ടായി. വിവാഹ ശേഷം നല്ല രീതിയിലാണ് ജീവിതം മുന്നോട്ടുപോയത്. ഒരു മകനും മകളുമുണ്ടായതോടെ സന്തോഷങ്ങൾക്ക് തിളക്കമേറി. പട്ടാളത്തിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയ ശേഷമാണ് ഭാര്യ വസന്തകുമാരിയുമായി സ്വരച്ചേർച്ചക്കുറവുണ്ടായത്. പിന്നെയത് വലിയ വഴക്കിലേക്ക് മാറി. മകൻ സുധേഷ് എപ്പോഴും അമ്മയ്ക്കൊപ്പം നിന്നു. മകളെ വിവാഹം ചെയ്തയച്ചതിനാൽ വീട്ടിൽ സുദർശനൻ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. ഒരു വർഷം മുൻപ് സുദർശനൻ വസന്തകുമാരിയെ മർദ്ദിച്ചത് സുധേഷ് ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ അടിപിടിയും നടന്നു. അന്ന് വസന്തകുമാരിയെ കറിക്കത്തികൊണ്ട് സുദർശനൻ വെട്ടി. പൊലീസ് കേസായെങ്കിലും പിന്നീടത് ഒതുക്കിത്തീർത്തു. എങ്കിലും കുടുംബത്തിൽ സുദർശനനെ കയറ്റാനാകില്ലെന്ന നിലപാടിലേക്ക് ഭാര്യയും മകനുമെത്തി. കോടതിയിൽ കേസുകളായി. സുദർശനന് വീടിനോട് ചേർന്ന ഔട്ട് ഹൗസിലേക്ക് താമസം മാറ്റേണ്ടി വന്നു.

സ്വത്തുക്കൾ ബന്ധുക്കൾക്ക്

തന്റെ പേരിലുള്ള വസ്തുവും വീടുമെല്ലാം സുദർശനൻ സഹോദരന്റെയും മക്കളുടെയും പേരിലേക്ക് ആരുമറിയാതെ മാറ്റിയെഴുതി. ഒരു വർഷം മുൻപ് ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. എന്നാൽ, അടുത്തിടെ കോടതി നടപടിയുടെ ഭാഗമായി ഇക്കാര്യം പുറത്തായി. അതോടെ വീട്ടിലെ അന്തരീക്ഷം കലുഷിതമായി. വസന്തകുമാരിയുടെ സഹോദരനും മറ്റു ബന്ധുക്കളും ചേർന്ന് ചർച്ചയ്ക്ക് അവസരമുണ്ടാക്കുകയും 15 ലക്ഷം രൂപ മകനും മകൾക്കുമായി നൽകാനും സമ്മതിച്ചു. തുക കൊടുക്കാമെന്ന് സുദർശനൻ വാക്ക് കൊടുത്തെങ്കിലും അന്നുമുതൽ വല്ലാത്ത അസ്വസ്ഥതകളിലായിരുന്നു. എന്തെല്ലാമോ ഉറപ്പിച്ച രീതിയിലായിരുന്നു പെരുമാറ്റം. നേരത്തേതന്നെ താടിയും മുടിയും നീട്ടിവളർത്തി വല്ലാത്ത മുഖഭാവത്തോടെയിരുന്ന സുദർശനനിലെ ഭാവമാറ്റും പലരും ശ്രദ്ധിച്ചിരുന്നു. എന്നാൽ, ആരോടും വർത്തമാനത്തിന് മുതിരാതെ ഔട്ട് ഹൗസിൽത്തന്നെ ഒതുങ്ങി.

പൊലീസ് നിഗമനം

കുടുംബ കലഹത്തിന്റെ പേരിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും ഞായറാഴ്ച രാവിലെ സുദർശനൻ വീട്ടിനുള്ളിലേക്ക് കടന്നത്. ഉള്ളിലേക്ക് കടക്കരുതെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. മുറിയ്ക്കുള്ളിൽ കടന്ന് കൈയിൽ കരുതിയ ആയുധമോ വിറക് കഷ്ണമോ കൊണ്ട് സുധേഷിന്റെ തലയ്ക്കടിച്ചിട്ടുണ്ടാകും. കട്ടിലിലേക്ക് തള്ളിയിട്ട ശേഷം പുറത്തേക്കിറങ്ങിയപ്പോഴാകും ശബ്ദംകേട്ട് അടുക്കളയിൽ നിന്ന് വസന്തകുമാരി ഓടിയെത്തിയിട്ടുണ്ടാവുക. ഹാളിൽ വച്ചുതന്നെ വസന്തകുമാരിയെയും അടിച്ചുവീഴ്ത്തി. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷമാവാം വീടിന് പുറത്തിറങ്ങി താൻ താമസിക്കുന്ന ഔട്ട് ഹൗസിലേക്ക് കടന്ന് തൂങ്ങിമരിച്ചത്.

അന്വേഷണം നിറുത്തില്ല

ഭാര്യയും മകനുമായി നിരന്തരം വഴക്കുണ്ടാകുമെങ്കിലും മകളോട് അത്ര വിരോധമുണ്ടായിരുന്നില്ല. ഭാര്യയെയും മകനെയും കൊലപ്പെടുത്താനും പിന്നീട് ആത്മഹത്യ ചെയ്യാനും ആരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. റൂറൽ എസ്.പി ഹരിശങ്കർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. സുദർശനൻ തന്നെയാണ് മറ്റ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ പൊലീസിന് വലിയ സംശയങ്ങളില്ല. എന്നാൽ, തലനാരിഴ കീറി പരിശോധിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം.