waste-to-energy

 സ്വകാര്യ ഏജൻസിയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചു

കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന 'മാലിന്യത്തിൽ നിന്ന് ഊർജ്ജം' പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ബംഗളൂരു ആസ്ഥാനമായുള്ള സോണാട്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സമർപ്പിച്ച ടെണ്ടർ സർക്കാർ അംഗീകരിച്ചു.

വൈകാതെ തന്നെ സർക്കാരും കമ്പനിയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പിടും. അതിന് ശേഷം വിശദമായ രൂപരേഖ തയ്യാറാക്കി പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതിയും പ്രവ‌ർത്തിപ്പിക്കാനുള്ള ലൈസൻസും വിവിധ ഏജൻസികളിൽ നിന്ന് വാങ്ങും. ആറ് മാസത്തിനുള്ളിൽ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിർമ്മാണം പൂർത്തിയാകാൻ ഒന്നരവർഷം വേണ്ടി വരും.

പ്രതിദിനം 200 ടൺ മാലിന്യം സംസ്കരിക്കുന്ന പ്ലാന്റാണ് സ്ഥാപിക്കുക. ഇതിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചണ്ടി ഡിപ്പോ വളപ്പിലെ 7.5 ഏക്കർ ഭൂമി നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ഡി.സിക്ക് നേരത്തെ കൈമാറിയിരുന്നു.

 മാലിന്യം വാതകമാകും

മാലിന്യം സംസ്കരിച്ച് പാചകത്തിനും വാഹനങ്ങളിൽ ഇന്ധനമായും ഉപയോഗിക്കാവുന്ന വാതകമായി മാറ്റുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. വാതകം ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കൈമാറാനാണ് ആലോചന. ഇങ്ങനെ കിട്ടുന്ന പണം കമ്പനിക്ക് അവകാശപ്പെട്ടതാണ്.

 8 തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം സംസ്കരിക്കും

കൊല്ലം കോർപ്പറേഷന് പുറമേ പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിലെയും നഗരസഭയുടെ അതിർത്തിയിലുള്ള മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം പ്ലാന്റിൽ സംസ്കരിക്കും. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ശേഖരിക്കുന്ന മാലിന്യം കമ്പനി സ്ഥാപിക്കുന്ന ബിന്നിൽ നിക്ഷേപിക്കണം. ഇവിടെ കമ്പനിയുടെ വാഹനമെത്തി മാലിന്യം ഏറ്റെടുത്ത് പ്ലാന്റിലെത്തിക്കും.

 25 വർഷത്തെ കരാർ

ഒരു ടൺ മാലിന്യം സംസ്കരിക്കാൻ സർക്കാർ 3450 രൂപ കമ്പനിക്ക് നൽകുമെന്നാണ് കരാർ. പ്ലാന്റിന്റെ നി‌ർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് അഭിയാൻ പദ്ധതിയിൽ നിന്ന് ഖരമാലിന്യ സംസ്കരണത്തിന് നീക്കിവച്ചിട്ടുള്ള 45 കോടി രൂപ കമ്പനിക്ക് ഗ്രാന്റായി നൽകും. 25 വർഷത്തേക്കാണ് കമ്പനിയും സർക്കാരും തമ്മിലുള്ള ധാരണ.

 ഒരു ടൺ മാലിന്യത്തിന് സംസ്കരിക്കാൻ സർക്കാർ നൽകുന്നത്: 3450 രൂപ

 പ്രതിദിനം സംസ്കരിക്കുക 200 ടൺ മാലിന്യം

 പ്ലാന്റ് സ്ഥാപിക്കാൻ 45 കോടി രൂപ സർക്കാർ ഗ്രാന്റ്