കൊല്ലം: മുൻ ഡി.ജി.പി ടി.പി.സെൻകുമാർ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനം അലങ്കോലപ്പെട്ടു. അദ്ദേഹത്തിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്കരിച്ചു.
ബി.ഡി.ജെ.എസ് സുഭാഷ് വാസു വിഭാഗത്തിന്റെ കൊല്ലത്തെ യോഗത്തിലായിരുന്നു സംഭവം. അൻപതോളം പ്രവർത്തകരുണ്ടായിരുന്നു.
യോഗത്തിന് മുന്നേയായിരുന്നു പത്രസമ്മേളനം. കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചായിരുന്നു തുടക്കം.
പിന്നീട് എസ്.എൻ.ഡി.പി യോഗനേതൃത്വത്തെ വിമർശിച്ച് സംസാരിച്ചു തുടങ്ങി.
ഈ സമയം,നിശ്ചിത ഡിഗ്രി ചൂടുണ്ടെങ്കിൽ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന് സെൻകുമാർ നേരത്തെ പറഞ്ഞത് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കുമെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചു. അതു ലോകാരോഗ്യ സംഘടനയിലെ ഡോ.പോൾ ഹെല്ലിയുടെ അഭിപ്രായമാണെന്ന് സെൻകുമാർ ന്യായീകരിച്ചു.
വീണ്ടും ചോദ്യങ്ങൾ ഉയർന്നതോടെ ജില്ലാ നേതാക്കൾ പരുഷമായി പ്രതികരിക്കാൻ തുടങ്ങി. ഇവരെ പുറത്താക്കണമെന്ന് മാദ്ധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ഗൗനിക്കാതെ പത്രസമ്മേളനം തുടർന്നു.
അതിനിടെ, ചോദ്യം ഉന്നയിച്ച ചാനൽ ലേഖികയോട് ഒരു നേതാവ് കയർത്ത് സംസാരിക്കുകയും അവരുടെ ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തു. ലേഖിക മൊബൈൽ പിടിച്ചുവാങ്ങി ചിത്രം മായ്ച്ചുകളഞ്ഞു. നേതാക്കളുടെ ചെയ്തികൾ വിലക്കാതിരുന്ന സെൻകുമാറിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്‌കരിച്ചത്.