kunnathur
പോരുവഴി ശാസ്താംനടയിൽ കോഴിവേസ്റ്റ് തളളിയ നിലയിൽ

കുന്നത്തൂർ: പോരുവഴി പഞ്ചായത്തിലെ കമ്പലടിയിൽ റോഡരികത്ത് പത്ത് ചാക്ക് കോഴി വേസ്റ്റ് തള്ളിയ നിലയിൽ. ചക്കുവള്ളി - ശാസ്താംനട റോഡിൽ ശാസ്താംനടയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ വേസ്റ്റ് തള്ളിയത്. ദിവസവും നൂറുകണക്കിന് കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർ കടന്നുപോകുന്ന പൊതുവഴിയുടെ വശങ്ങളിലാണ് വാഹനത്തിലെത്തിച്ച പത്ത് ചാക്ക് കോഴി വേസ്റ്റ് നിക്ഷേപിച്ചത്. ഇതു വഴി സഞ്ചരിക്കാൻ കഴിയാത്ത വിധം ദുർഗന്ധം വമിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. മുൻപ് ഇവിടെ മാലിന്യനിക്ഷേപം പതിവായിരുന്നു. എന്നാൽ സന്നദ്ധ സംഘടനകളുടെയും സമീപവാസികളുടെയും ഇടപെടലും പൊലീസ് പട്രോളിംഗും മൂലം ഈയടുത്ത കാലത്തായി മാലിന്യനിക്ഷേപം കുറവായിരുന്നു.