കൊല്ലം: കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ നിലനിൽക്കുന്ന വ്യാപാരമാന്ദ്യം പഠിക്കാതെ മൂവായിരം കോടിയുടെ നികുതി വെട്ടിപ്പ് നടക്കുന്നതായുള്ള വി.ഡി.സതീശൻ എം.എൽ.എയുടെ പ്രസ്താവന പ്രതിഷേധാർഹവും ദൗർഭാഗ്യകരവുമാണെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ആൾ ഇന്ത്യ ജം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. എ.കെ.ജി.എസ്.എം.എ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി സെസ് വഴി ദിവസവും നാല് ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നുവെന്ന പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണ്. സ്വർണ വ്യാപാര സമൂഹത്തെ ഭരണ - പ്രതിപക്ഷങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കള്ളക്കടത്ത് മാഫിയ സമാന്തരമായി സൃഷ്ടിച്ച വിപണിയാണ് നികുതി വരുമാനത്തിൽ കുറവ് വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ മേഖലയിൽ നിന്ന് വാറ്റ് കാലഘട്ടത്തിൽ 700 കോടിയോളം നികുതി വരുമാനമുണ്ടായിരുന്നു. ജി.എസ്.ടി വന്നപ്പോൾ സെൻട്രൽ - സ്റ്റേറ്റ് എന്നിങ്ങനെ രണ്ടായി പകുത്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പർച്ചേയ്സ് ചെയുന്ന സ്വർണങ്ങൾക്ക് സെറ്റോഫ് എടുക്കുക വഴി നികുതി ആനുകൂല്യം കച്ചവടക്കാർക്ക് ലഭിക്കുന്നുണ്ട്. നികുതി വരുമാനം കുറയുകയല്ല, കേന്ദ്രത്തിനും കേരളത്തിനുമായി പകുത്ത് പോവുകയാണ്.
കേരളത്തിലെ വിമാനത്താവളങ്ങളും കടൽത്തീരങ്ങൾ വഴിയും വൻ തോതിൽ കള്ളക്കടത്ത് സ്വർണം എത്തുന്നുണ്ട്. ഒരു കിലോഗ്രാം തങ്കക്കട്ടി ബാങ്കിൽ നിന്ന് ഒരംഗീകൃത വ്യാപാരി വാങ്ങണമെങ്കിൽ നികുതി അടക്കം 45 ലക്ഷം രൂപ നൽകണം. എന്നാൽ ഒരു കിലോഗ്രാം തങ്കക്കട്ടി കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ ആറുലക്ഷം രൂപയിലധികമാണ് മാഫിയകൾക്ക് ലഭിക്കുന്ന ലാഭം. ഇതിന്റെ പങ്കുപറ്റുന്നവരാണ് ഭരണ - പ്രതിപക്ഷങ്ങളും ഉദ്യോഗസ്ഥരും. ഇവർ നൽകുന്ന സഹായത്തോടെയാണ് സ്വർണ കള്ളക്കടത്ത് കേരളത്തിൽ തഴച്ച് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്ത് സ്വർണവും സമാന്തര വിപണിയും അംഗീകരിക്കുന്ന സർക്കാർ കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന സമീപനം ശരിയല്ല. കള്ളക്കടത്തുകാരെ പിടിക്കാൻ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത എല്ലാ സ്വർണ വ്യാപാരശാലകളിലും 365 ദിവസവും ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അല്ലാതെ ഒരു കടയിൽ ഒരു ദിവസം മാത്രം ഉദ്യോഗസ്ഥനെ നിയമിച്ച് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 365 ദിവസവും ഇതുപോലെയാണെന്ന അനുമാന നികുതി ഏർപ്പെടുത്താനുള്ള നീക്കം ശക്തമായി എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്.സാദിഖ്, വിജയകൃഷ്ണ വിജയൻ, ജയചന്ദ്രൻ പള്ളിയമ്പലം, ജില്ലാ ഭാരവാഹികളായ ശിവദാസൻ സോളാർ, സജീബ് ന്യൂ ഫാഷൻ, കൃഷ്ണദാസ്, ഹനീഫ ഷൈൻ, അഷറഫ് തോപ്പിൽ എന്നിവർ സംസാരിച്ചു.