ഇന്നലെ പുതുതായി മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാരിപ്പള്ളി മെഡി.കോളേജിലെ ഐസൊലേഷൻ വാർഡിൽ 10 പേർ
ജില്ലയിൽ ഇതുവരെ ആരെയും കൊറോണ ബാധിച്ചിട്ടില്ല
കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 247 ആയി ഉയർന്നു. ചൊവ്വാഴ്ച വരെ 130 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. കോറോണ സ്ഥിരീകരിച്ച പത്തനംതിട്ട, റാന്നി സ്വദേശികളെത്തിയ പുനലൂരിലെ കുടുംബവുമായി ഇടപഴകിയ രണ്ട് പേരടക്കം മൂന്നുപേരെ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് കഴിഞ്ഞദിവസം മടങ്ങിയെത്തിയ ആളാണ് മൂന്നാമത്തേത്.
ആകെ പത്ത് പേരാണ് നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികളെത്തിയ പുനലൂരിലെ കുടുംബത്തിലെ അഞ്ചുപേരുടെ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് വീട്ടിലേക്ക് മടക്കി അയച്ചു. ഇന്നലെ മാത്രം 62 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 187 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 99 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. പരിശോധിച്ചതിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും
കൊറോണ രോഗബാധ തടയാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂർ പ്രവർത്തനസജ്ജമാക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ എല്ലാ ദിവസവും വിവിധ തലങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തും. ആട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാതലത്തിൽ പരിശീലനം നൽകി പ്രാദേശിക തലത്തിൽ വ്യാപിപ്പിക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അടിയന്തര സാഹചര്യത്തിൽ സേവനം നൽകാൻ എം.എസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി
ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. വിദേശത്തു നിന്ന് എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന വ്യക്തികൾ, ഹോം സ്റ്റേകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപടിയെടുക്കും.
കോറോണ സംശയ നിവാരണത്തിന്
8589015556, 04742797609, 1077,
വാട്‌സാപ്പ് മാത്രം- 73067 50040
പാരിപ്പള്ളി മെഡിക്കൽ കോളേജ് ഒ.പിയിൽ 20 ശതമാനം കുറവ്
കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിൽ പാർപ്പിക്കുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി 20 ശതമാനത്തോളം കുറഞ്ഞു. സാധാരണ 1800 പേരാണ് ഒ.പിയിൽ എത്തിയിരുന്നത്. മറ്റ് രോഗകളുമായി ചികിത്സയിൽ കഴിയുന്ന രോഗികളെ കാണാനെത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്.