കൊട്ടാരക്കര: കുണ്ഡലിനിപ്പാട്ടിന്റെ ഗിന്നസ് തിളക്കത്തോടെ അവർ വീണ്ടും മോഹിനിമാരായി ആടി!. കാഴ്ചക്കാർ ലാസ്യ നർത്തകിമാരുടെ മിന്നും പ്രകടനത്തിൽ ലയിച്ചു. നെടുവത്തൂർ ആനക്കോട്ടൂർ ശ്രീഭൂതനാഥ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായാണ് നൃത്തപരിപാടി സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ കുണ്ഡലിനിപ്പാട്ടിന് മോഹിനിയാട്ടം നൃത്താവിഷ്കാരം ഒരുക്കി തൃശൂർ തേക്കിൻകാട് മൈതാനത്ത് നടത്തിയ അയ്യായിരം നർത്തകിമാരുടെ കൂട്ടത്തിലുള്ള ലക്ഷ്മി ജിത്ത്, എ.ആർ. അനഘ, ബി.എസ്. അനന്ദ, ആവണി വിജയ്, അദ്രിക ഷൈജു, അനുജ അജി, എസ്. നന്ദന എന്നിവരാണ് തേക്കിൻകാട്ടെ ആവേശം ചോരാതെ ഇവിടെയും നൃത്ത വിസ്മയമൊരുക്കി കൈയടി നേടിയത്. തേക്കിൻകാട് നടത്തിയ ഏകാത്മകം പരിപാടിക്ക് ഗിന്നസ് ലോക റെക്കാർഡ് ലഭിച്ചിരുന്നു. അതിൽ പങ്കാളികളായ ഈ കുട്ടി നർത്തകിമാർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്.