പുനലൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ താത്കാലികമായി അടച്ചതോടെ തെന്മല ഇക്കോ ടൂറിസം മേഖലയും അനുബന്ധ സ്ഥാപനങ്ങളും അടച്ചു. തെന്മല ഇക്കോ ടൂറിസം, പരപ്പാർ അണക്കെട്ട്, ശെന്തുരുണി വന്യജീവി സങ്കോതം അടക്കമുള്ളവയാണ് അടച്ചത്.
ഇന്നലെ മുതൽ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മേഖലയിൽ ഉണ്ടായത്.
ഇക്കോ ടൂറിസം മേഖലയിലെ മാൻ പാർക്ക്, ലേഷസോൺ, കുട്ടികളുടെ പാർക്ക്, അഡ്വൈഞ്ചർ സോൺ, വാട്ടർ ഫൗണ്ടൻ, ഉല്ലാസ ബോട്ട് സവാരി, കുട്ടവഞ്ചി, ചെങ്ങാട യാത്രകൾ, ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ തുടങ്ങിയ നിരവധി സ്ഥലങ്ങൾ ആസ്വദിക്കാനാണ് സഞ്ചാരികൾ തെന്മലയിൽ എത്തിയിരുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് കൂടതലായി എത്തിയിരുന്നത്. ജീവനക്കാർ എത്തിയെങ്കിലും ടിക്കറ്റ് കൗണ്ടറുകൾ അടഞ്ഞുകിടന്നു. കൂടാതെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, മഹാരാഷ്ടാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റുകൾ വഴി കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന ചരക്ക് ലോറികളുടെ വരവും കുറഞ്ഞു. റോഡുകളിലും പൊതുനിരത്തുകളിലും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും തിരക്ക് കുറവായിരുന്നു. പുനലൂർ താലൂക്കിലെ ആഘോഷങ്ങൾ അടക്കമുള്ള പൊതുപരിപാടികളും ഒഴിവാക്കിയിരുന്നു.