കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമ്മിക്കണമെന്ന രോഗികളുടെ ആവശ്യം ശക്തമാകുന്നു. ജില്ലയിൽ പേവാർഡ് ഇല്ലാത്ത ഏക താലൂക്ക് ആശുപത്രിയാണിത്. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കെ.എച്ച്.ആർ.ഡബ്ലിയു.എസിന്റെ പേ വാർഡ് പൊളിച്ച് നീക്കിയിട്ട് വർഷങ്ങൾ പിന്നിടുന്നു. പേ വാർഡ് ഇല്ലാത്ത ഒറ്റക്കാരണത്താൽ നിരവധി രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിക്കാർ രോഗികളിൽ നിന്ന് കനത്ത തുകയാണ് മുറി വാടക ഇനത്തിൽ ഈടാക്കുന്നതെന്ന പരാതി വ്യാപകമാണ്. താലൂക്ക് ആശുപത്രിയിൽ സർക്കാർ പേ വാർഡ് ലഭ്യമായാൽ രോഗികൾക്ക് വലിയ ആശ്വാസമാകും. ആശുപത്രിയിൽ 195 കിടക്കകളുണ്ടെങ്കിലും ഇവിടെ കിടത്തി ചികിത്സിക്കുന്നത് 250 ഓളം രോഗികളെയാണ്. ദിനം പ്രതി 1500ൽ അധികം പേർ ചികിത്സ തേടി ഒ.പിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.
ആശുപത്രിയിൽ 195 കിടക്കകളുണ്ടെങ്കിലും ഇവിടെ കിടത്തി ചികിത്സിക്കുന്നത് 250 ഓളം രോഗികളെയാണ്. ദിനം പ്രതി 1500ൽ അധികം രോഗികൾ ചികിത്സ തേടി ഒ.പിയിൽ എത്തുന്നുണ്ട്.
30 മുറികളുള്ള പേ വാർഡ്
ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് 30 മുറികളുള്ള പേ വാർഡ് നിർമ്മിക്കാൻ ഉദ്ദേശമുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ ഇതിന്റെ പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമ്മിക്കുന്നതിൽ ആരോഗ്യ വകുപ്പ് കാട്ടുന്ന അലംഭാവവും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
പേ വാർഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലസൗകര്യമുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം. ജനപ്രതിനിധികൾ മുൻകൈയെടുത്ത് പ്രശ്നത്തിന് പിഹാരമുണ്ടാക്കണം.
രോഗികൾ
പഴയ പേവാർഡ് ഇപ്പോൾ പാർക്കിംഗ് ഏരിയ
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടാണ് കെ.എച്ച്.ആർ.ഡബ്ലിയു.എസിന്റെ പേ വാർഡ് പൊളിച്ച് നീക്കിയത്. പേ വാർഡ് സ്ഥിതി ചെയ്തിരുന്ന സ്ഥലം നിലവിൽ വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയാണ്. പുതിയ പേവാർഡ് നിർമ്മാണത്തിനുള്ള നീക്കങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. 8 മുറികൾ ഉണ്ടായിരുന്ന പേവാർഡാണ് പൊളിച്ച് നീക്കിയത്.