കരുനാഗപ്പള്ളി: മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്ന വേലയിൽ വിളയുന്ന വിദ്യാഭ്യാസം എന്ന ചിന്താപദ്ധതിയുടെ ഭാഗമായി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഡ്രോൺ, പേപ്പർ പേന, പേപ്പർ ബാഗ് എന്നിവ നിർമ്മിച്ച് തുടങ്ങി. വിദ്യാഭ്യാസത്തോടൊപ്പം ഒരു തൊഴിൽ അഭ്യസിപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ സ്കൂൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ ലെറ്റ്മാക് ഇന്നൊവേഷൻസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് കുട്ടികൾക്ക് ഡ്രോൺ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിയത്. വേലയിൽ വിളയുന്ന വിദ്യാഭ്യാസം എന്ന പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മായാ ശ്രീകുമാർ, പ്രിൻസിപ്പൽ ഷിബു എം.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ്, അശോകൻ, അദ്ധ്യാപകരായ രാജീവ്, സജിത് , സുധീർ , ഗംഗാറാം എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ട്രിനിറ്റി കോളേജിലെ അദ്ധ്യാപകൻ വിജീഷ് വിദ്യാർത്ഥികളെ ഡ്രോൺ നിർമ്മാണം പഠിപ്പിച്ചു. ലത ചങ്ങൻ കുളങ്ങരയാണ് പേപ്പർ കവർ, പേപ്പർ പേന എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിയത്.