കുന്നത്തൂർ : കോവിഡ് 19, പക്ഷിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴും കുന്നത്തൂർ പാലത്തിന് സമീപമുള്ള മാലിന്യനിക്ഷേപത്തിന് അറുതിയില്ല. മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനാവില്ലെന്നും പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നതെന്നും യാത്രക്കാർ പറയുന്നു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് താഴ്ചയിലിരിക്കുന്ന വീട്ടുമുറ്റത്തേക്കും റോഡിന്റെ വശങ്ങളിലുമാണ് ആഹാര അവശിഷ്ടങ്ങളും കോഴി വേസ്റ്റും ഉൾപ്പടെയുള്ള മാലിന്യങ്ങൾ വൻതോതിൽ തള്ളിയിരിക്കുന്നത്. പക്ഷിപ്പനിയെ തുടർന്ന് വിവാഹ സൽക്കാരത്തിനെത്തിച്ച ചിക്കൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഇവിടെക്കൊണ്ടു വന്ന് തള്ളുകയാണെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യനിക്ഷേപം നിരോധിത പ്ലാസ്റ്റിക് കവറുകളിൽ
നിരോധിത പ്ലാസ്റ്റിക് കവറുകളിൽ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കെട്ടി മുറുക്കിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ കുന്നത്തൂർ പാലം വഴിയുള്ള പ്രധാന പാതയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. സെപ്റ്റിക്ക് ടാങ്ക് മാലിന്യം അടക്കമുള്ളവ നിക്ഷേപിക്കുന്നതിന് മാലിന്യ നിക്ഷേപകർ തിരഞ്ഞെടുക്കുന്ന സുരക്ഷിത മേഖലയായി കുന്നത്തൂർ പാലം മാറിയിരിക്കുകയാണ്.
പ്രദേശവാസികൾ പ്രതിസന്ധിയിൽ
കുന്നത്തൂർ പാലത്തിന് സമീപമുള്ള വീട്ടുകാരാണ് ഇവിടത്തെ മാലിന്യനിക്ഷേപം മൂലം കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. കാക്കകൾ ഇറച്ചി അവശിഷ്ടം കൊത്തിവലിച്ച് സമീപത്തെ കിണറുകളിൽ കൊണ്ടിടുന്നതിനാൽ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടാറുണ്ടെന്ന് അടുത്തുള്ള വീട്ടുകാർ പറയന്നു. അറവ് മാലിന്യങ്ങൾ കല്ലടയാറ്റിലും എത്തുന്നതിനാൽ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. വേനൽക്കാലമായതിനാൽ തീരവാസികൾ ആറ്റുവെള്ളമാണ് ഉപയോഗിക്കുന്നത്.
നീരീക്ഷണ കാമറയും പൊലീസ് പട്രോളിംഗും വേണം
ശാസ്താംകോട്ട, പുത്തൂർ പൊലീസ് സ്‌റ്റേഷനുകളുടെ അതിർത്തിയായതിനാൽ ഇവിടെ പൊലീസ് പട്രോളിംഗ് നടത്താറേയില്ലെന്ന് നാട്ടുകാർ പറയുന്നു. നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതർ കേട്ട മട്ടില്ല.