കുണ്ടറ: കൊറ്റങ്കര പഞ്ചായത്തിൽ കേരളപുരം, നാലുമുക്ക്, കോളശേരി, വേലംകോണം, മണ്ഡലം ജംഗ്ഷൻ, കൊച്ചാലുംമുട്, മാമ്പുഴ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പദ്ധതികൾ ആരംഭിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ഇവയുടെ പ്രവർത്തനം നിലച്ച മട്ടാണ്.
പഞ്ചായത്തിൽ നിന്ന് പ്രതിവർഷം 25 ലക്ഷത്തോളം രൂപയാണ് ജല അതോറിറ്റിക്ക് നൽകുന്നത്. എന്നാൽ ജലവിതരണം സുഗമാക്കുന്നതിന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്. വേനൽക്കാലത്ത് രൂക്ഷമാകുന്ന ജലദൗർലഭ്യം പരിഹരിക്കാൻ ശാസ്ത്രീയവും കാര്യക്ഷമവുമായ സമഗ്ര കുടിവെള്ള പദ്ധതി പഞ്ചായത്തിൽ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സാധാരണക്കാരും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന മേഖലയാണ് ഇവിടം. നാലുമുക്ക്, കോളശ്ശേരി എന്നിവിടങ്ങളിൽ കുഴൽക്കിണറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും ഉപയോഗപ്രദമല്ല. വീടുകളിലെ കിണറുകളിൽ പലതും വറ്റി വരണ്ടു തുടങ്ങി. പണ്ടാരകുളത്തിലും നാലുമുക്കിലും കോളശേരിയിലും കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും ഇവ പൂർണമായും പ്രവർത്തന സജ്ജമല്ല.
പമ്പിംഗ് നടക്കുന്നില്ല
പഞ്ചായത്തിലെ പകുതിയിലധികം ജനങ്ങളും പണ്ടാരകുളത്തിലെ കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ മോട്ടോർ കേടായത് മൂലം നാല് മാസമായി ഇവിടെ പമ്പിംഗ് നടക്കുന്നില്ല. ഒരാഴ്‌ച മുമ്പ് മാറ്റി സ്ഥാപിച്ച പമ്പ് കാര്യക്ഷമമുള്ളതല്ലെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം എല്ലാ സ്ഥലങ്ങളിലും ജലവിതരണം നടക്കുന്നില്ലെന്നും ആരോപണമുണ്ട്. കോളശേരിയിലെ കുഴൽക്കിണറിൽ വെള്ളം കുറഞ്ഞതിനാൽ എല്ലായിടത്തും കുടിവെള്ളം എത്തുന്നില്ല. നാലുമുക്കിലെ കുഴൽക്കിണറിൽ നിന്നും പമ്പിംഗ് നിറുത്തി വച്ചിട്ട് ഒരു മാസം പിന്നിടുകയാണ്.
കോളശേരിയിലെ കുഴൽക്കിണറിൽ വെള്ളം കുറഞ്ഞതിനാലാണ് എല്ലായിടത്തും വെള്ളം ലഭിക്കാത്തത്. ഇത് ജല അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. രണ്ട് ദിവസത്തിനുള്ളിൽ കിണറിന്റെ ആഴം വർദ്ധിപ്പിച്ച് മോട്ടോർ ഇറക്കിവെക്കാനുള്ള പ്രവർത്തികൾ ആരംഭിക്കും.
ജെ. ദീപ, മണ്ഡലം വാർഡ് മെമ്പർ
നാലുമുക്ക് കുഴൽക്കിണറിലെ പമ്പ് കേടായതാണ് പ്രദേശത്തെ കുടിവെള്ള വിതരണം നിലയ്ക്കാൻ കാരണം. രണ്ട് ദിവസത്തിനുള്ളിൽ പമ്പ് മാറ്റിവെക്കുമെന്ന് ജല അതോറിറ്റി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെ കേരളപുരം, മണ്ഡലം ജംഗ്ഷൻ, കൊച്ചാലുംമുട് ഭാഗത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.
എൻ. ബാലകൃഷ്ണൻ, പുത്തൻകുളങ്ങര വാർഡ് മെമ്പർ
കുടിവെള്ള പദ്ധതികൾ പലതും ഉണ്ടെങ്കിലും പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല. വേനൽ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമം ദിനംപ്രതി രൂക്ഷമാകുകയാണ്. വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല.
നാണുക്കുട്ടൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 2282-ാം നമ്പർ മണ്ഡലം ശാഖ