കുണ്ടറ: ബൈക്കുകൾ കൂട്ടിയിടിച്ച് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന റയിൽവേ ജീവനക്കാരൻ മരിച്ചു. കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിന് സമീപം ശിൽപാ ഭവനത്തിൽ (ഇടയില വീട്) എഴുകോൺ റയിൽവേ സ്റ്റേഷൻ ജീവനക്കാരൻ ചന്ദ്രശേഖരൻ പിള്ളയാണ് (56) മരിച്ചത്. ഇളമ്പള്ളൂർ ഗുരുദേവാ ആഡിറ്റോറിയത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. എഴുകോൺനിന്ന് കേരളപുരത്തെ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരൻ പിള്ളയുടെ ബൈക്കിൽ എതിരേവന്ന ആഡംബരബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ചന്ദ്രശേഖരൻ പിള്ളയെ കുണ്ടറയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: ഷൈലജ. മക്കൾ: ശില്പ, ശ്രുതി സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.