കൊല്ലം: സ്കൂട്ടറിലെത്തി യുവാവിനെ ആക്രമിച്ച് മൊബൈലും പണവുമായി കടന്ന കേസിൽ ഒരാൾ പിടിയിൽ. കിളികൊല്ലൂർ സ്വദേശി
ഷാരോണിനെ ആക്രമിച്ച കേസിൽ ഇരവിപുരം സ്നേഹതീരം സുനാമി കോളനി ഹൗസ് നമ്പർ 6 ഫ്ലാറ്റ് നമ്പർ 7ൽ ഷജിൻ ഷാജി (20) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഈ മാസം 4ന് രാത്രിയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ലിങ്ക് റോഡ് വഴി നടന്നുപോവുകയായിരുന്ന ഷാരോണിനെ സ്കൂട്ടറിൽ എത്തിയ സംഘം തടഞ്ഞുനിറുത്തി മർദ്ദിച്ചു. തുടർന്ന് റോഡിന് സമീപത്തെ ചെളിക്കുണ്ടിൽ തള്ളിയിട്ട ശേഷം പണവും മൊബൈലുമായി കടക്കുകയായിരുന്നു.
അക്രമിസംഘം എത്തിയ വാഹനത്തിന്റെ നമ്പർ സഹിതം ഷാരോൺ പൊലീസിന് പരാതി നൽകിയിരുന്നു. നഷ്ടപ്പെട്ട മൊബൈലിന്റെ ഐ.എം.ഇ.ഐ നമ്പരിലൂടെ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി. എന്നാൽ താൻ ഇത് കൊല്ലത്തെ കടയിൽ നിന്ന് സെക്കൻഡ് ഹാൻഡ് ആയി വാങ്ങിയതാണെന്ന് അയാൾ പൊലീസിനോട് പറഞ്ഞു. പൊലീസ് മൊബൈൽ കടയിൽ എത്തി ഉടമയെ ചോദ്യം ചെയ്തതിലൂടെ മൊബൈൽ വിറ്റ യുവാവിന്റെ തിരിച്ചറിയൽ രേഖ ലഭിച്ചു. ഇങ്ങനെയാണ് പ്രതി ഷജിനെ പൊലീസ് തിരിച്ചറിഞ്ഞത്.
അക്രമി സംഘം ഉപയോഗിച്ചിരുന്ന സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈസ്റ്റ് സി.ഐ ആർ. രാജേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ആർ. ബിജു, സജിത്, ജൂനിയർ എസ്.ഐ വിഹാസ്, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.