photo
ജിജോ ബാബു

കൊട്ടാരക്കര: ബാങ്കിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. വാളകം അമ്പലക്കര വയ്യംകുളത്ത് തെക്കേക്കര വീട്ടിൽ ജിജോ ബാബുവിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലക്കര സ്വദേശിയിൽ നിന്ന് ഭാര്യയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് 11 ലക്ഷവും വാളകം സ്വദേശിയായ റിട്ട. അദ്ധ്യാപികയിൽ നിന്ന് മകന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയും പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്ന് റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി 8.50 ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

റെയിൽവേ ജോലി വാഗ്ദാനം നൽകി ഉത്തർപ്രദേശിൽ കൊണ്ടുപോയ ശേഷമാണ് തുക വാങ്ങിയത്. ഇന്നലെ മൂന്നുപേർ കൂടി കൊട്ടാരക്കര സ്റ്റേഷനിൽ പരാതി നൽകി. നൂറുകണക്കിന് ആളുകളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവിധ ഇടങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇന്റർവ്യൂ കാർഡ് അടക്കം അയക്കും. നിയമന ഉത്തരവ് സ്വയം തയ്യാറാക്കി നൽകിയ സംഭവങ്ങളുമുണ്ട്. വിശ്വാസ്യത ഉറപ്പാക്കിയ ശേഷമാണ് പണം വാങ്ങുക.

തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പണം നൽകിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ ജിജോ ബാബുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടുതൽ തിരക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതും കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയതും. തുടർന്ന് ജിജോ ബാബു ഒളിവിൽ പോയി.

സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അടൂർ ഭാഗത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര എസ്.ഐമാരായ രാജീവ്, സാബുജി മാസ്, ഡാൻസാഫ് അംഗങ്ങളായ രാധാകൃഷ്ണൻ, ശിവശങ്കരപിള്ള, ആഷിക് കോഹൂർ, സജി ജോൺ, സലീൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.