കൊല്ലം: നാരീശക്തി പുരസ്കാരത്തിന് പിന്നാലെ ഭാഗീരഥിഅമ്മയെ തേടി വാർദ്ധക്യകാല പെൻഷനുമെത്തി. 105 വയസിന്റെ നിറവിൽ അക്ഷരങ്ങളെ തോഴരാക്കിയ മുത്തശ്ശിക്ക് ഇനി തുടർ പഠനത്തിനായി പെൻഷൻ തുക വിനിയോഗിക്കാം. ഈ നിമിഷത്തിൽ നിറഞ്ഞ സന്തോഷവും അഭിമാനവും തോന്നുവെന്ന് ഭാഗീരഥിയമ്മ പറഞ്ഞു. പ്രായത്തിന്റെ അവശതമൂലം നാരീശക്തി പുരസ്കാരം രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയാഞ്ഞതിലുള്ള ചെറിയ ദുഃഖം ഇതോടെ വലിയ സന്തോഷത്തിലേക്ക് വഴിമാറി.
പെൻഷൻ അനുവദിച്ചുകൊണ്ടുള്ള അനുമതിപത്രം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ് ഭാഗീരഥിഅമ്മയ്ക്ക് കൈമാറി.
ഒരു വർഷം മുമ്പാണ് ഭാഗീരഥിഅമ്മ പെൻഷന് വേണ്ടി അപേക്ഷ നൽകിയത്. എന്നാൽ ആധാർ കാർഡ് ഇല്ലാത്തതിനാൽ പെൻഷൻ ലഭ്യമായില്ല. പ്രായാധിക്യം മൂലം വിരലടയാളം രേഖപ്പെടുത്താൻ കഴിയാത്തതിനാലാണ് ആധാർ കാർഡ് ലഭിക്കാതെ പോയത്. ജില്ലാ ഭരണകൂടത്തിന്റെയും തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെയും സമയോചിതമായ ഇടപെടലിലൂടെ സാങ്കേതിക തടസങ്ങൾ നീക്കി ദിവസങ്ങൾക്കുള്ളിൽ വേണ്ട നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
മുൻകാല പ്രാബല്യത്തോടെ പ്രതിമാസ പെൻഷനായി 1500 രൂപയാണ് ഇനി ഭാഗീരഥിഅമ്മക്ക് ലഭിക്കുക. സെക്രട്ടറി ആർ. സുനിൽകുമാർ, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.