puthiyakavu
പുതിയ കാവിലമ്മയ്ക്ക്.. ഇന്ന് നടക്കുന്ന പുതിയകാവ് പൊങ്കാലയ്ക്കായി ഭക്തർ പൊങ്കാല കലങ്ങൾ തിരഞ്ഞെടുക്കുന്നു. പുതിയകാവ് ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള ദൃശ്യം

 കൊറോണയെ തുടർന്ന് വൻ സുരക്ഷാ ക്രമീകരണങ്ങൾ

കൊല്ലം: നഗരത്തെ ഭക്തിസാന്ദ്രമാക്കി പുതിയകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇത്തവണ പൊങ്കാല സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10ന് ശബരിമല മേൽശാന്തി ഇടമന ഇല്ലത്ത് എൻ. ബാലമുരളി ശ്രീകോവിലിൽ നിന്ന് ഭദ്രദീപം തെളിച്ച് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. പിന്നീട് നഗരവീഥികളിലെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്ന് നൽകും. ഇതേസമയം കഴിഞ്ഞ 41 ദിവസമായി ക്ഷേത്രത്തിൽ താമസിച്ച് വ്രതം അനുഷ്ഠിക്കുന്ന ഭക്തർ മഞ്ഞനീരാട്ട് നടത്തും.

പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പൊങ്കാലകളിൽ തീർത്ഥം തളിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കാളിലാണ് ഇത്തവണയും പൊങ്കാല നടക്കുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊങ്കാല ഇടാനെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങളും സംഘാടകർ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിദേശികളായ ഭക്തർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദ്ദേശവുമുണ്ട്.

 സുരക്ഷയൊരുക്കാൻ വൻ സന്നാഹം

പൊങ്കാലയോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിലെയും നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെയും വൈദ്യ പരിശോധനാ സംഘങ്ങൾ വിവിധ കേന്ദ്രങ്ങളിലുണ്ടാകും. കൂടാതെ ജില്ലാ ആയുർവേദ അശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ സംഘങ്ങളുമുണ്ടാകും. സുരക്ഷാ മുന്നൊരുക്കങ്ങളുമായി പൊലീസ്, ഫയർഫോഴ്സ് സംഘങ്ങളും വിവിധ കേന്ദ്രങ്ങളിലുണ്ടാകും.

 കൊറോണയെ തുരത്താം; പ്രധാന മാർഗനിർദേശങ്ങൾ
01. പൊങ്കാല ഇടുന്ന എല്ലാ ഭക്തരും ശുചിത്വം പാലിക്കണം

02. പൊങ്കാലയിടാൻ അടുപ്പുകൾ കൂട്ടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക
03. ഇടയ്ക്കിടെ കൈകൾ നന്നായി കഴുകണം
04. ടൗവൽ / തോർത്ത് / ടിഷ്യൂ പേപ്പർ എന്നിവ കരുതുക
05. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടൗവൽ കൊണ്ട് മുഖം പൊത്തുക.
06. പനി, ചുമ, തുമ്മൽ എന്നിവ ഉള്ളവർ പൊങ്കാല ഇടുന്നതിൽ നിന്ന് വിട്ടുനിൽക്കുക

 വൈദ്യസഹായം ആവശ്യമുള്ളവർ ബന്ധപ്പെടുക: 9447104232