road
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ തെന്മല 40-ാം മൈലിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻ വൃക്ഷം

പുനലൂർ: നവീകരണപ്രവർത്തനം ആരംഭിച്ച കൊല്ലം - തിരുമംഗലം ദേശീയ പാതയോരങ്ങളിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. ദേശീയപാത കടന്നുപോകുന്ന പുനലൂരിന് സമീപത്തെ കലയനാട് മുതൽ കോട്ടവാസൽ വരെയുള്ള പാതയോരങ്ങളിലാണ് വാഹന-കാൽനട യാത്രക്കാരെ ഭീതിയിലാക്കുന്ന കൂറ്റൻ മരങ്ങൾ റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. ആറ് മാസം മുമ്പ് പാതയോരങ്ങളിൽ നിന്ന ചില വൃക്ഷങ്ങൾ അധികൃതർ മുറിച്ചുനീക്കിയെങ്കിലും ശേഷിക്കുന്ന മരങ്ങൾ കൂടി മുറിച്ചുമാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

രണ്ട് വർഷം മുമ്പ് ദേശീയ പാതയിലെ ഉറുകുന്നിന് സമീപത്തെ അണ്ടൂർപച്ചയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റെയിൽവേ ഉദ്യോഗസ്ഥൻ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അപകടാവസ്ഥയിൽ പാതയോരങ്ങളിൽ നിന്ന വലിയ മരങ്ങളിൽ ചിലത് മുറിച്ച് നീക്കിയത്. എന്നാൽ അന്തർ സംസ്ഥാന പാതയോരങ്ങളിൽ ചാഞ്ഞു നിൽക്കുന്ന പാല, ആൽ, മരുതി തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ച് നീക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

കൂറ്റൻ വൃക്ഷങ്ങൾ

പാല, ആഞ്ഞിലി, മരുതി, തേക്ക്, തേമ്പാവ്, തുടങ്ങിയ വിവിധയിനത്തിൽപ്പെട്ട കൂറ്റൻ മരങ്ങളാണ് പാതയോരങ്ങളിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കൂറ്റൻ മരങ്ങളുടെ ചുവട് ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കാലവർഷം ആരംഭിക്കുന്നതോടെ മരങ്ങളുടെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീഴാൻ തുടങ്ങും.

നിരവധി വാഹനങ്ങൾ

തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക, ആന്ധ്രാപ്രദേശ് , മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് അപകട ഭീഷണി ഉയർത്തി പാതയോരങ്ങളിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ കീഴിലൂടെ ദിനംപ്രതി കടന്നുപോകുന്നത്. കൊല്ലം - തെങ്കാശി, കോട്ടയം - പുനലൂർ - തിരുനെൽവേലി, കരുനാഗപ്പള്ളി - തെങ്കാശി, പുനലൂർ - ചെങ്കോട്ട, ആര്യങ്കാവ് - പുനലൂർ, തെങ്കാശി - ആര്യങ്കാവ്, തിരുവനന്തപുരം - ചെങ്കോട്ട തുടങ്ങിയ വിവിധ ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകളും 25 ഓളം ഓർഡിനറി ബസുകളും ഇത് വഴിയാണ് സർവീസ് നടത്തുന്നത്.

35 കോടിയുടെ നവീകരണം

35 കോടിയോളം രൂപ ചെലവഴിച്ച് പുനലൂരിൽ നിന്ന് കോട്ടവാസൽ വരെയുളള ദേശീയ പാതയുടെ നവീകരണം ഒന്നര മാസം മുമ്പ് ആരംഭിച്ചെങ്കിലും പാതയോരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ വൃക്ഷങ്ങൾ മുറിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാതയിലെ കുഴികൾ അടച്ച് പലേടത്തും ഇന്റർ ലോക്ക് കട്ടകൾ പാകിയിട്ടുണ്ട്. പാതയോരങ്ങളിലെ ഓട നിർമ്മാണവും റീ ടാറിംഗുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അപകട മേഖലയായ തെന്മല എം.എസ്.എല്ലിൽ കൂറ്റൻ പാർശ്വഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയിട്ടും ഇതിന് സമീപത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.