photo
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചിട്ടിരിക്കുന്ന ജെ.സി.ബിയും മറ്റ് വാഹനങ്ങളും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ കോമ്പൗണ്ടിനുള്ളിൽ റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ജെ.സി.ബിയും മണൽ നിറച്ച ലോറികളും നിരത്തിയിട്ടിരിക്കുന്നതിനാൽ നിന്നുതിരിയാൻ ഇടമില്ലാതെ നാട്ടുകാർ വലയുന്നു. സ്ഥല പരിമിതിയാണ് താലൂക്ക് ആസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നം. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തുന്നവർക്ക് നിൽക്കാനുള്ള സ്ഥലത്താണ് പിടിച്ചെടുത്ത വാഹനങ്ങൾ ഇട്ടിരിക്കുന്നത്. വാഹനങ്ങളുടെ അടിഭാഗത്ത് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. കേസിൽ കുരുങ്ങിക്കിക്കുന്ന തൊണ്ടി വാഹനങ്ങളായതിനാൽ അവകാശികൾക്ക് വിട്ട് നൽകാനും കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങളുടെ ബാഹുല്യം കാരണം പടിഞ്ഞാറേ വാതിലിലൂടെ കാൽനട യാതക്കാർക്കു പോലും ഉള്ളിലേക്ക് കടക്കാൻ പ്രയാസമാണ്. 25 ഓളം ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. 650 ഓളം ജീവനക്കാർ എല്ലാ ഓഫീസുകളിലുമായി ജോലി നോക്കുന്നു. ആയിരക്കണക്കിന് പേരാണ് ദിനം പ്രതി വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ എത്തുന്നത്. 37 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച താലൂക്ക് ആസ്ഥാനമാണിത്. അന്ന് ഇത്രമാത്രം ജനബാഹുല്യം ഉണ്ടായിരുന്നില്ല.

25 ഓളം ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. 650 ഓളം ജീവനക്കാർ ഇവിടെ ജോലി നോക്കുന്നു.

അനധികൃത വാഹന പാർക്കിംഗ്

കോമ്പൗണ്ടിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കിയാൽ സ്ഥലത്തിന്റെ പോരാഴ്മ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. സർക്കാർ ജീവനക്കാരുടെ വാഹനങ്ങളും നാട്ടുകാരുടെ വാഹനങ്ങളും മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പാർക്ക് ചെയ്തു കഴിഞ്ഞാൽ ഓഫീസുകളിലെത്തുന്ന സാധാരണക്കാർ നിൽക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വൃക്ഷത്തണലിൽ വാഹനങ്ങളാണ് വെയിൽ ഏൽക്കാതെ വിശ്രമിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ പോകുന്നവരും പലപ്പോഴും വാഹനങ്ങൾ സുരക്ഷിതമായി കൊണ്ട് വെയ്ക്കുന്നതും സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലാണ്.