photo
കിളികൊല്ലൂർ പൊലീസ് പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊല്ലം: പുന്തലത്താഴംചന്തയ്ക്ക് സമീപത്തെ കടയിൽ നിന്ന് വിദ്യാർത്ഥികൾക്ക് വിൽക്കാനായി സംഭരിച്ചിരുന്ന 508 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കിളികൊല്ലൂർ പൊലീസ് പിടിച്ചെടുത്തു. കടയുടമ പുന്തലത്താഴം ഗുരുദേവ നഗർ 98 ചെമ്പടത്ത് വടക്കതിൽ വീട്ടിൽ രാജേഷിനെ (47) അറസ്റ്റ് ചെയ്തു.

കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഘം കടയിൽ പരിശോധനയ്ക്കെത്തിയത്. കടയോട് ചേർന്നുള്ള രഹസ്യ ഗോഡൗണിൽ നിന്നാണ് ശംഭു, കൂൾ തുടങ്ങിയ പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്.

രാജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കിളികൊല്ലൂർ സി.ഐ ആർ.എസ്. ബിജു, എസ്.ഐമാരായ ശ്യാം, നാസർ, എ.എസ്.ഐ ജയൻ കെ. സക്കറിയ, അൻസർഖാൻ, ജോയി, സി.പി.ഒ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.