എഴുകോൺ: അഴിമതിയിലൂടെ ഇടതുപക്ഷം സഹകരണ മേഖലയെ തകർക്കുകയാണെന്നും എഴുകോൺ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നിരവധി സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്ക് പിന്നിൽ ഇടത് നേതൃത്വമാണെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ആരോപിച്ചു. എഴുകോൺ സർവീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകളിൽ ഇടതു പക്ഷം നടത്തുന്ന അഴിമതിക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ ഇവിടെ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഒത്തുതീർപ്പിനു നിൽക്കാത്തവർക്കെതിരെ പ്രതികാര നടപടികളാണ് പിന്നീട് ഉണ്ടാകുന്നതെന്നു കെ.സി രാജൻ ആരോപിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി. ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സവിൻ സത്യൻ, കെ. മധുലാൽ, പി. രാജേന്ദ്രൻ നായർ, നടുക്കുന്നിൽ വിജയൻ, അഡ്വ. രതീഷ് കിളിത്തട്ടിൽ, അഡ്വ. എൻ. രവീന്ദ്രൻ, ടി. പ്രസന്നകുമാർ, ഹരിലാൽ, വി. തുളസീധരൻ, ടി.ആർ. ബിജു, പാറക്കടവ് ഷറഫ്, ബാബു മണിയണംകുന്നിൽ, സൂസൻ വർഗീസ്, രേഖ ഉല്ലാസ്, മുരളീധരൻ, സുഹർബാൻ, ഷാജി, ടി.ജെ. അഖിൽ, ബാലാജി, ബിജു തങ്കച്ചൻ, അബ്ദുൽ ഖാദർ, അലിയാർ എന്നിവർ സംസാരിച്ചു.