ഓയൂർ: വെളിയം പരുത്തിയറയിലെ ക്വാറിയിൽ അനധികൃത പാറ ഖനനം കണ്ടെത്തിയതിനെ തുടർന്ന് ഉടമ നെടുമൺകാവ് ബിനീഷ് ഭവനിൽ ബിനുവിനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. ക്വാറിയിൽ നിന്ന് പാസില്ലാതെ പാറ കടത്താൻ ശ്രമിച്ച 23 ലോറികളും പൊലീസ് സംഘം പിടിച്ചെടുത്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയിൽ പരിശോധന നടന്നത്. പൂയപ്പള്ളി എസ്.ഐ രാജേഷ്, ഗ്രേഡ് എസ്.ഐ രാജൻ, എ.എസ്.ഐ ഉദയകുമാർ, എസ്.സി.പി.ഒമാരായ ഹരികുമാർ, സന്തോഷ്, സി.പി.ഒമാരായ ലിജു, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.