v
കോറോണ:

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 307 ആയി. ഇതിൽ 11 പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. 296 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ബുധനാഴ്ച വരെ 245 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. പത്ത് പേരാണ് ആശുപത്രികളിൽ കഴിഞ്ഞിരുന്നത്. 201 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 98 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 103 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

പരിശോധനാ മാനദണ്ഡങ്ങൾ പുതുക്കി

ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ജില്ലയിലും രോഗപരിശോധനയ്ക്ക് കർശന നിർദ്ദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വി.ഷേർളി അറിയിച്ചു. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർ പുതുക്കിയ ചികിത്സാ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.

രോഗിയുമായി ഇടപഴകുന്നതിന്റെ സ്വഭാവമനുസരിച്ച് പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകൾ നിശ്ചയിക്കും. കൊറോണ സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരാണ് പ്രൈമറി കോണ്ടാക്ട്. പ്രൈമറി കോണ്ടാക്ടുമായി ഇടപഴകിയവരാണ് സെക്കണ്ടറി കോണ്ടാക്ട്. ഇവർ പനി, തൊണ്ടവേദന, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങൾ കാണിച്ചാൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

ചികിത്സാ തരംതിരിവ്

പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടിൽ ഉൾപ്പെട്ടവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ.

എ കാറ്റഗറിയിൽ ചെറിയ പനി, തൊണ്ടവേദന, ഡയേറിയ (വയറിളക്കം ) എന്നീ ലക്ഷണങ്ങൾ ഉള്ളവരാണ്. ഇവർ ഗൃഹനിരീക്ഷണത്തിൽ തുടർന്നാൽ മതിയാകും.

ബി കാറ്റഗറിയിൽ കുട്ടികൾ, ഗർഭിണികൾ വയോജനങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് കാറ്റഗറി എ വിഭാഗത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന പക്ഷം വിദഗ്ദ്ധ ഡോക്ടറുടെ തീരുമാനമനുസരിച്ച് ആശുപത്രി വാസവും ചികിത്സയും നിശ്ചയിക്കും. ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി എടുക്കും.

സി കാറ്റഗറിയിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ, രക്തസമ്മർദ്ദം പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നവർ, കിടത്തി ചികിത്സയിൽ തുടരുന്നവർ തുടങ്ങിയവർ രോഗലക്ഷണം കാണിച്ചാൽ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കും.

പുനലൂരിലെ ബേക്കറി സന്ദർശിച്ചവർ ബന്ധപ്പെടണം
പുനലൂർ ടൗണിൽ കൃഷ്ണൻ കോവിലിന് സമീപം പ്രവർത്തിക്കുന്ന ഇംപീരിയൽ കിച്ചൺ, ഇംപീരിയിൽ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ മാർച്ച് രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയിൽ സന്ദർശനം നടത്തിയവർ അടിയന്തരമായി പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോൺ: 9447051097.