കുന്നത്തൂർ : നാടും നഗരവും കോവിഡ് 19 ഭീതിയിലാണെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അതീവ ജാഗ്രതയും സുരക്ഷയും ഒരു പരിധിവരെ ജനങ്ങളുടെ ആശങ്കയകറ്റുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരുമായുള്ള സഹവാസം പരമാവധി ഒഴിവാക്കുകയാണ് നാട്ടിൻപുറങ്ങളിലുള്ളവർ. കഴിഞ്ഞ ദിവസം തൊളിക്കലിൽ മാലിയിൽ നിന്നെത്തിയ യുവതി മെഡിക്കൽ ചെക്കപ്പിന് പോകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സംഘടിച്ചിരുന്നു. താൻ എയർപോർട്ടിൽ പരിശോധന നടത്തിയ ശേഷമാണ് എത്തിയതെന്ന അവരുടെ വാദം നാട്ടുകാർ അംഗീകരിക്കാതിരുന്നത് പ്രശ്നങ്ങൾക്കിടയാക്കി. കൊട്ടാരക്കര മേഖലയിൽ വിദേശത്ത് നിന്നെത്തിയ ഇരുപതോളം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സൗദിയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ 65കാരനായ ചക്കുവള്ളി സ്വദേശിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടെ സർക്കാർ മദ്യവില്പനശാലകൾ (ബെബ്കോ ഔട്ട്ലറ്റുകൾ) കോവിഡ് ഭീഷണി അകലുന്നതു വരെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
ബസുകളിൽ ആളില്ല!
കൊറോണ ഭീതി വ്യാപമായതിനെ തുടർന്ന് ഗ്രാമീണ മേഖലകളടക്കം നിശ്ചലമായിരിക്കയാണ്. സ്വകാര്യ, ട്രാൻ ബസുകളിൽ യാത്രക്കാർ തീരെ കുറവാണ്. പല സ്വകാര്യ ബസുകളും ആളില്ലാതെ ട്രിപ്പ് റദ്ദാക്കിയിരിക്കുകയാണ്. ബസ് സ്റ്റാൻഡുകളിലും കവലകളിലുമെല്ലാം തിരക്ക് വളരെ കുറവാണ്.
ഗ്രാമീണ മേഖല നിശ്ചലം
സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാത്രമാണ് നടന്നു വരുന്നത്. ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും തിരക്ക് കുറഞ്ഞു. ഹോട്ടലുകൾ, സ്റ്റുഡിയോകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള വിവാഹങ്ങളും വിവാഹ നിശ്ചയങ്ങളും കൊറോണ ഭീതി മൂലം റദ്ദാക്കി വരുകയാണ്. ഇത് സ്റ്റുഡിയോ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഉത്സവങ്ങൾ ആഘോഷങ്ങളില്ലാതെ
ഉത്സവകാലമായതിനാൽ ക്ഷേത്രങ്ങളും പ്രതിസന്ധിയിലാണ്. മിക്കയിടത്തും കലാപരിപാടികളും കെട്ടുകാഴ്ചയും ഒഴിവാക്കി ക്ഷേത്രാചാരങ്ങൾ മാത്രം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനാൽ സ്‌റ്റേജ് കലാകാരന്മാർ പ്രതിസന്ധിയിലാണ്. ശാസ്താംകോട്ട ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ ഉത്സവം റദ്ദാക്കി. ഭീതി വിട്ടകന്നാൽ ഉത്സവം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. കുന്നത്തൂർ പുത്തനമ്പലം പ്ലാത്തറ ക്ഷേത്രത്തിൽ കോവിഡ് ഭീഷണിമൂലം സപ്താഹയജ്ഞം റദ്ദാക്കി. കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്ന പോരുവഴി പെരുവിരുത്തി മലനടയിൽ അനശ്ചിതത്വം തുടരുകയാണ്. ഭീഷണി വിട്ടകന്നാൽ ഉത്സവം നടത്താനാണ് ഇവിടെയും ധാരണ.