photo
ഞാങ്കടവ് പദ്ധതിയ്ക്കായി കല്ലടയാറിനോട് ചേർന്ന് പുത്തൂർ ഞാങ്കടവിൽ പൂർത്തിയായ കിണറും പമ്പ് ഹൗസും

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കാനുള്ള ടെണ്ടർ നടപടി പൂർത്തിയായി. ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. 26 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്കായി കല്ലടയാറിന്റെ തീരത്ത് ഞാങ്കടവിൽ കിണറും പമ്പ് ഹൗസും നിർമ്മിച്ചിരുന്നു. ഇതിൽ നിന്ന് നൂറ് മീറ്ററിനുള്ളിൽ അകലം പാലിച്ചാണ് തടയണ നിർമ്മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതെയും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിർമ്മിക്കുക. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 88 മീറ്റർ നീളമുള്ളതാണ് നിർദ്ദിഷ്ട തടയണ. കോൺക്രീറ്റിൽ നിർമ്മിക്കുന്ന തടയണയിൽ സ്റ്റീൽ ഷട്ടറുകളുണ്ടാകും. മഴക്കാലത്ത് അധിക ജലമെത്തുമ്പോൾ ഷട്ടർ തുറന്നുവിടുന്നതിനുള്ള സംവിധാനവുമുണ്ടാകും. ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. രണ്ട് സീസൺ ജോലിയായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ കണക്കാക്കിയിട്ടുള്ളത്. ഒന്നര വർഷംകൊണ്ട് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

റെഗുലേറ്റർ മോഡൽ തടയണ

കല്ലടയാറിന് കുറുകേ റെഗുലേറ്റർ മോഡലിലാണ് തടയണ നിർമ്മിക്കുന്നത്. പഴയ ചീർപ്പിന്റെ മോഡലാണിത്. കിണർ സ്ഥാപിച്ചിടത്ത് നിന്ന് നൂറ് മീറ്ററിനുള്ളിൽ അകലം പാലിച്ചാണ് നിർമ്മാണം. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ തടയണ നിർമ്മിക്കേണ്ടതിനാൽ ആറ്റിലെ ജലം ഒരു വശത്തുകൂടി ഒഴുക്കിവിടും. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോൺക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുന്നത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർ‌ത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഹൈടെക് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

പൈപ്പിടൽ ഉടൻ പൂർത്തിയാകും

ഞാങ്കടവ് പദ്ധതിക്കായി 28 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഇതിൽ ഇനി 5 കിലോമീറ്റർ ദൂരം മാത്രമാണ് ശേഷിക്കുന്നത്. കൊല്ലം - തേനി ദേശീയ പാതയിൽ പൈപ്പ് ഇടുന്നതിന് അനുമതി ലഭിക്കാൻ കാലതാമസമെടുത്തു. ഇപ്പോൾ ഇവിടെയും അനുമതിയായി. ഇനി ഉടൻ പൈപ്പിടൽ പുനരാരംഭിച്ച് കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിയും. വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ളാന്റിന്റെ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. കോടതിയിൽ നിലനിൽക്കുന്ന കേസ് രണ്ട് ദിവസത്തിനകം തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 88 മീറ്റർ നീളമുള്ളതാണ് നിർദ്ദിഷ്ട തടയണ

ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കാൻ 26 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്

പാലത്തിന്റെ നിലനിൽപ്പിന് ഭീഷണിയില്ല

പാലത്തിന്റെ നിലനിൽപ്പിന് യാതൊരു ദോഷവും ഉണ്ടാവുകയില്ലെന്ന് വിലയിരുത്തിയ ശേഷമാണ് തടയണ നിർമ്മിക്കാൻ അനുമതി നൽകിയത്. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് തടയണ നിർമ്മിക്കുന്നത്. മഴയെത്തും മുൻപേ നിർമ്മാണത്തിന്റെ നല്ലൊരു ഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ അടിയന്തരമായി നിർമ്മാണ പ്രവർത്തനം തുടങ്ങണമെന്ന് കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനത്താൽ ആറ്റിലെ ജലനിരപ്പുയരും. നിർമ്മാണ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്യും.