പത്തനാപുരം: വീട്ടുവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചശേഷം തെങ്കാശിയിലേക്ക് മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. ചേത്തടി മൈലാടുംപാറ തോണിവിള വീട്ടിൽ റെജിയാണ് (46) അറസ്റ്റിലായത്. ആട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് ആരോപിച്ച് വീട്ടിൽ സ്ഥിരമായി വഴക്കിട്ടിരുന്നു.
റെജിയുടെ ഭാര്യ ശ്യാമ (35), മാതാവ് നയോമി (65) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. വഴക്കിനിടെ ശ്യാമയെ വെട്ടുന്നത് കണ്ട് പിടിച്ചുമാറ്റാനെത്തിയ നയോമിക്കും വെട്ടേറ്റു. യുവതിയുടെ കൈയ്ക്കും അമ്മയുടെ കഴുത്തിലുമാണ് വെട്ടേറ്റത്.
തുടർന്ന് ആട്ടോറിക്ഷയിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തിയ റെജി ട്രെയിൻ മാർഗമാണ് തെങ്കാശിയിലേക്ക് കടന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് കുന്നിക്കോട് സി.ഐ മുബാറക്, എസ്.ഐ ബെന്നിലാൽ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്നെത്തിയ പൊലീസ് തെങ്കാശിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.