പുനലൂർ: കൊറോണ ഭീതിയെ തുടർന്ന് തെന്മല ഇക്കോ ടൂറിസം അധികൃതർ സ്ട്രെച്ചർ നൽകിയില്ല, കാട്ടുകമ്പും ഓലയും ഉപയോഗിച്ച് ശവമഞ്ചമൊരുക്കി ശ്മശാനത്തിൽ എത്തിച്ച് വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡ് ലേബർ കോളനിയിലെ താമസക്കാരിയായ മല്ലികഅമ്മയുടെ (55) മൃതദേഹമാണ് തെന്മല ഡാം ജംഗ്ഷന് സമീപത്തെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം. കോട്ടയത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വീട്ടമ്മ മരിച്ചത്. പിന്നീട് ആംബുലൻസിൽ തെന്മലയ്ക്ക് സമീപത്തെ ലേബർ കോളനിയിൽ മൃതദേഹം എത്തിച്ചു. ഉച്ചയോടെ മൃതദേഹം പൊതുശ്മശാനത്തിൽ എത്തിക്കാൻ തെന്മല പഞ്ചായത്തിലെ സ്ട്രെച്ചർ ആവശ്യപ്പെട്ടു. എന്നാൽ സ്ട്രെച്ചറുമായി അംബുലൻസ് മറ്റൊരു സ്ഥലത്ത് പോയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
പിന്നീടാണ് തെന്മല ഇക്കോ ടൂറിസം അധികൃതരെ ബന്ധുക്കൾ സമീപിച്ചത്. ആദ്യം സ്ട്രെച്ചർ വിട്ടുനൽകാമെന്ന് സമ്മതിച്ചെങ്കിലും കോട്ടയത്തെ ആശുപത്രിയിൽ വച്ചാണ് വീട്ടമ്മ മരിച്ചതെന്ന് അറിഞ്ഞതോടെ ടൂറിസം അധികൃതർ പിന്മാറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് സംഭവം അറിഞ്ഞെത്തിയ കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കാട്ടുകമ്പുകളും ഓലയും ഉപയോഗിച്ച് ശവമഞ്ചം ഒരുക്കി. തുടർന്ന് ശവമഞ്ചത്തിലാക്കിയ മൃതദേഹം നാട്ടുകാർ ചുമന്ന് തെന്മല ഡാം ജംഗ്ഷന് സമീപത്തെ പൊതുശ്മശാനത്തിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു.
''
ഇതുവഴി ജീപ്പിൽ പോയപ്പോൾ സംഭവം കണ്ട് ഇറങ്ങിയതാണ്. മറ്റ് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. ജയകുമാർ
എസ്.എഐ, കുളത്തൂപ്പുഴ