കൊല്ലം: രണ്ടു കുരുന്നുകളെ കഴുത്തറുത്തും അമ്മയെ കഴുത്ത് ഞെരിച്ചും കൊന്ന അഞ്ചൽ കൂട്ടക്കൊല കേസിലെ പ്രതികളായ പട്ടാളക്കാർ എവിടെയെന്ന് സി.ബി.ഐയോട് ഹൈക്കോടതി. സി.ബി.ഐയെ വിളിച്ചുവരുത്തിയ കോടതി അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.

കൊലപാതകം നടന്ന് പതിനാലു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത പശ്ചാത്തലത്തിൽ അന്വേഷണ റിപ്പോർട്ട് തേടി കൊല്ലപ്പെട്ട യുവതിയുടെ അമ്മ ശാന്തമ്മ ഹർജി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി നടപടി. പത്തു വർഷം മുമ്പാണ് സി. ബി.ഐ ഏറ്റെടുത്തത്.

അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്ജനിയും പ്രസവിച്ച് 17 ദിവസം മാത്രം പ്രായമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമാണ് 2006 ഫെബ്രുവരി 10ന് കൊല്ലപ്പെട്ടത്. രഞ്ജിനിയുടെ അയൽക്കാരനും പട്ടാളക്കാരനുമായ അഞ്ചൽ തെക്കേഭാഗം കൊച്ചുമടപ്പള്ളിൽ ചന്ദ്രവിലാസത്തിൽ ദിവിൽ കുമാർ, സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ലാൻസ് നായിക്ക് കണ്ണൂർ തളിപ്പറമ്പ് ശ്രീകണ്‌ഠേശ്വരം കൈതപ്പുറം പുതുശേരി വീട്ടിൽ അനിൽകുമാറുമാണ് (രാജേഷ്) പ്രതികളെന്ന് പൊലീസ് കണ്ടെത്തി.

ദിവിൽകുമാറിൽ നിന്ന് ഗർഭം ധരിച്ച രഞ്ജിനിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ അനിൽ കുമാറിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

പഞ്ചാബിലെ പഠാൻകോട്ടെ പട്ടാളക്യാമ്പിൽ നിന്ന് ഇരുവരെയും പിടികൂടാൻ പൊലീസിനായില്ല. അവർ ഒളിച്ചോടിയതായി ആർമി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ ശാന്തമ്മ ഹൈക്കോടതിയെ സമീപിച്ചു. 2010 ജനുവരിയിൽ ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടു . പത്ത് വർഷം പിന്നിടുമ്പോഴും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നാണ് സി.ബി.ഐ ചെന്നൈ യൂണിറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ഡി.എൻ.എ പരിശോധനയിൽ കുട്ടികളുടെ പിതാവ് ദിവിൽ കുമാറാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പഠാൻകോട്ടെ മിലിറ്ററി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന അനിൽകുമാർ രഞ്ജിനിയുടെ കാര്യങ്ങൾ നോക്കാനെന്ന വ്യാജേനയാണ് രാജേഷ് എന്ന പേരിൽ പ്രസവത്തിന് 17 ദിവസം മുമ്പ് അവരുടെ വീട്ടിലും ആശുപത്രിയിലും നിത്യസന്ദർശകനായത്.

വീട്ടിൽ ആളില്ലാതിരുന്ന നേരത്ത് കുഞ്ഞുങ്ങളുടെ കഴുത്തറുത്തും രഞ്ജിനിയെ കഴുത്ത് ഞെരിച്ചും മാറിൽ അതിശക്തമായി ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. അനിൽകുമാർ വന്ന ബുള്ളറ്റ് കണ്ടെത്താനായിട്ടില്ല.

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ 2013 ഏപ്രിലിലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എന്നിട്ടും പട്ടാളക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെരച്ചിൽ തുടരുകയാണെന്ന് സി.ബി.എെ ഹെെക്കോടതിയെ അറിയിച്ചിട്ടുണ്ട്.