perumon
പെരുമൺ ജങ്കാർ സർവീസ്

കൊല്ലം: ടെണ്ടർ തുക എസ്റ്റിമേറ്റ് നിരക്കിനേക്കാൾ വളരെ ഉയർന്നതിനാൽ പ്രതിസന്ധിയിലായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ കരാർ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാൻ തീരുമാനമായി. ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ പക്കലുള്ള ഫയൽ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ പരിശോധനയ്ക്ക് നൽകും.

ഉയർന്ന ടെണ്ടർ തുക വിനയായി

 എസ്റ്റിമേറ്റ് തുക: 36.47 കോടി രൂപ
 ഏറ്രവും കുറഞ്ഞ ടെണ്ടർ തുക: 41.22 കോടി രൂപ

പലതവണ ടെണ്ടർ ചെയ്ത ശേഷമാണ് പെരുമൺ ​- പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ കഴിഞ്ഞ ഡിസംബർ പകുതിയോടെ ഏകദേശം കരയ്ക്കടുത്തത്. പക്ഷേ ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റ് നിരക്കിനേക്കാൾ 12.5 ശതമാനം ഉയർന്നതായിരുന്നു. എസ്റ്റിമേറ്റിനേക്കാൾ 10 ശതമാനം മാത്രമായിരുന്നു അധികമെങ്കിൽ നിർവഹണ ഏജൻസിക്ക് ടെണ്ടർ അംഗീകരിക്കാമായിരുന്നു. രണ്ടര ശതമാനം അധികമായതിനാൽ ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു.

നിലവിലെ സ്ഥിതി ?

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഫയൽ ധനകാര്യ വകുപ്പിന്റെ പക്കലെത്തിയിട്ട് രണ്ട് മാസത്തോളമായി. പരിശോധനയ്ക്ക് ശേഷം അനുകൂലമോ പ്രതികൂലമോ ആയ തീരുമാനങ്ങളെടുക്കാതെയാണ് ധനകാര്യ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് ഫയൽ മടക്കിയത്. ഈ ഫയൽ മുഖ്യമന്ത്രി പരിശോധിച്ച ശേഷം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടും. മന്ത്രിസഭാ യോഗം അനുകൂലമായ തീരുമാനമെടുത്താൽ മൺറോതുരുത്തുകാരുടെ കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടും.