കൊല്ലം: കോറോണയെ പടിക്ക് പുറത്താൻ നഗരസഭാ ഹാൻഡ് സാനിട്ടൈസർ സ്വന്തമായി നിർമ്മിച്ച് സൗജന്യമായി വിതരണം തുടങ്ങി. ജീവനക്കാർ കൈകൾ അണുവിമുക്താക്കാൻ സാനിട്ടൈസർ കിട്ടാതെ പരക്കം പാഞ്ഞതോടെയാണ് നഗരസഭാ ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യുവിന്റെ നേതൃത്വത്തിൽ പരീക്ഷണാർത്ഥം സാനിട്ടൈസർ നിർമ്മിച്ചത്.
സംഗതി വിജയിച്ചെന്നും കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ മെച്ചമെന്ന് ജീവനക്കാരും പറഞ്ഞതോടെ കൂടുതൽ നിർമ്മിച്ച് നഗരവാസികൾക്ക് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭയിലെത്തുന്ന പൊതുജനങ്ങൾക്ക് കൈകൾ ശുചിയാക്കാൻ പ്രത്യേക സാനിട്ടൈസർ പോയിന്റ് സജ്ജമാക്കിയിട്ടുണ്ട്.
പ്രമുഖ ബ്രാൻഡുകളുടെ 50 മില്ലി ലിറ്ററിന്റെ സാനിട്ടൈസറിന് 90 രൂപയ്ക്ക് മുകളിലാണ് വില. എന്നാൽ ഐസോപ്രൊപൈൽ ആൽക്കഹോൾ, ഗ്ലിസറിൻ, പെർഫ്യു എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ തയ്യാറാക്കിയ സാനിട്ടൈസറിന് 100 മില്ലി ലിറ്ററിന് ബോട്ടിൽ സഹിതം ഇരുപത് രൂപ പോലും ചെലവായില്ല. കൂടുതൽ നിർമ്മിക്കാൻ എക്സൈസ് പിടിച്ചെടുത്തിട്ടുള്ള സ്പിരിറ്റ് ആവശ്യപ്പെടാനിരിക്കുകയാണ് നഗരസഭ. ഇക്കാര്യം ആവശ്യപ്പെട്ട് മേയർ എക്സൈസ് കമ്മിഷണർക്ക് കത്ത് നൽകി.
സാനിട്ടൈസറിന്റെ വിതരണോദ്ഘാടനം മേയർ ഹണി ബഞ്ചമിൻ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ.സത്താർ, പി.ജെ.രാജേന്ദ്രൻ, ടി.ആർ.സന്തോഷ് കുമാർ, ചിന്ത.എൽ.സജിത്ത്, ഗിരിജ സുന്ദരൻ, കോർപ്പറേഷൻ സെക്രട്ടറി എ.എസ്.അനുജ, അഡീഷണൽ സെക്രട്ടറി എ.എസ്.നൈസാം, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്.ഷൈൻ, ജില്ലാ സെക്രട്ടറി മുരുകൻ, യൂണിറ്റ് സെക്രട്ടറി ജി.എസ്.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.