കൊല്ലം: കത്തുന്ന വേനൽച്ചൂടിനെ അവഗണിച്ച് ഒരാണ്ടിന്റെ പ്രാർത്ഥനകൾ പുതിയകാവിലമ്മയ്‌ക്ക് പൊങ്കാലയായി സമർപ്പിക്കാൻ നഗരത്തിലെത്തിയത് ഭക്തസഹസ്രങ്ങൾ.
പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് ഭക്തരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊങ്കാലയിടുന്നതിന് എത്തിയത്. ക്ഷേത്ര പരിസരം, റെയിൽവേ സ്റ്റേഷൻ, റെയിൽവേ ഗുഡ്ഷെഡ് പരിസരം, ക്യു.എ.സി റോഡ്, കർബല, ചെമ്മാൻമുക്ക്, എസ്.എൻ കോളേജ് ജംഗ്ഷൻ, എ.ആർ ക്യാമ്പ് തുടങ്ങി നഗരത്തിലെമ്പാടും പൊങ്കാല അടുപ്പുകൾ നിരന്നു. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നിൽ ജീവനക്കാരും പൊങ്കാല സമർപ്പിക്കാൻ ഒരുങ്ങിയിരുന്നു.
ക്ഷേത്രത്തിന് മുന്നിലെ ദേശീയപാതയോരത്ത് പൊങ്കാല കലങ്ങൾ നിരന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൊലീസ് വഴി തിരിച്ചുവിട്ടു. പൊങ്കാലയിടാൻ എത്തിയവർക്ക് സഞ്ചരിക്കാനായി ഓട്ടോറിക്ഷകൾ മാത്രമാണ് ഇതുവഴി പോകാൻ അനുവദിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിച്ചാണ് പൊങ്കാല ചടങ്ങുകൾ പൂർത്തിയാക്കിയത്.
രാവിലെ പത്തിന് ക്ഷേത്ര മേൽശാന്തി ഇടമന ഇല്ലത്ത് എൻ. ബാലമുരളി ശ്രീകോവിലിൽ നിന്ന് ദീപം കൊളുത്തി ക്ഷേത്രമുറ്റത്തെ നിലവിളക്ക് തെളിച്ചു. തുടർന്ന് പണ്ടാര അടുപ്പിലേക്ക് പകർന്ന അഗ്നിയിൽ നിന്ന് ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളും തെളിഞ്ഞു. പതിനൊന്ന് മണിയോടെ പൊങ്കാല പാകമായി. പിന്നീട് പൊങ്കാല നിവേദിക്കുന്നതിനായി പൊള്ളുന്ന ചൂടിലും അടുപ്പുകൾക്ക് അടുത്ത് നിന്ന് മാറാതെ പ്രാർത്ഥനാ നിമന്ത്രണങ്ങളുമായി ഭക്തർ കാത്തിരുന്നു.
വലിയ തോതിൽ ചൂട് ഉയർന്നതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചയ്ക്ക് മുമ്പ് പൊങ്കാലകൾ നിവേദിച്ചു. ഇതിനായി കൂടുതൽ ശാന്തിമാരെ നിയോഗിച്ചിരുന്നു. നാൽപ്പത്തിയൊന്ന് ദിവസം ക്ഷേത്രത്തിൽ തങ്ങി വ്രതമനുഷ്ഠിച്ച ഭക്തർ മഞ്ഞനീരാടിയ ശേഷം പൊങ്കാലകൾ അനുഗ്രഹിക്കാൻ എത്തി. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ പൊങ്കാലയുടെ പുണ്യവുമായി ഉച്ചയ്ക്ക് മുമ്പ് തന്നെ ഭക്തർ വീടുകളിലേക്ക് മടങ്ങി.
പൊങ്കാല പുലർച്ചെ നടത്താൻ ആലോചന
കനത്ത ചൂട് കാരണം ഭക്തർ തണലിടങ്ങൾ നോക്കിയാണ് പൊങ്കാല അടുപ്പുകൾ വെച്ചത്. ഇത്തവണ പൊങ്കാല നിവേദിക്കുന്നത് നേരത്തെ ആക്കിയതും ഇതേ കാരണത്താലാണ്. കാലാവസ്ഥയിൽ വർഷംതോറും ഉണ്ടാകുന്ന മാറ്റം പരിഗണിച്ച് അടുത്ത വർഷം മുതൽ പുതിയകാവ് പൊങ്കാല പുലർച്ചെ നടത്തുന്നതിനുള്ള സാധ്യതകൾ തേടുകയാണ് ഭരണസമിതി.
സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിയ ചടങ്ങ്
കൊറോണ മുൻകരുതലിന്റെ ഭാഗമായി വിദേശികൾക്ക് പൊങ്കാലയിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നില്ല. ഭക്തരിൽ പലരും മാസ്ക് ധരിച്ചാണ് പൊങ്കാലയ്ക്കെത്തിയത്.
ഭക്തരെ സഹായിക്കാൻ വനിതകളടക്കം നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകർ നഗരത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ ജില്ലാ ആശുപത്രി, ജില്ലാ ഹോമിയോ - ആയുർവേദ ആശുപത്രികളുടെ മെഡിക്കൽ സംഘങ്ങൾ, നഗരസഭ, പൊലീസ്, ആരോഗ്യവകുപ്പ്, അഗ്നിശമന സേന തുടങ്ങിയവരുടെ സേവനവും ഭക്തർക്ക് ലഭിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.