nurse
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ള ഹെഡ് നഴ്സുമാരായ ഷെൽവി, ജീജ, സൈനാ തമ്പി

കൊല്ലം: നിപ്പ പടർന്നുപിടിച്ച വേളയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിനെതിരെ പോരാടിയ സംഘത്തിലെ മൂന്നു പേരാണ് ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ കരുത്ത്. കൊറോണ ഐസൊലേഷൻ വാർഡിലെ മാലാഖമാരാണിവർ, ഹെഡ് നഴ്സുമാരായ ഷെൽവിയും സൈനാ തമ്പിയും ജീജയും.

ദൗത്യത്തിന്റെ ഗൗരവം മൂന്നുപേർക്കും നന്നായി അറിയാം.

നിൽക്കാനും ഇരിക്കാനും സമയമില്ല. വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്ന് നൽകണം. കൂട്ടിരിപ്പുകാരെ അനുവദിക്കാത്തതിനാൽ കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങണം. വാക്കിലും നോക്കിലും വാർഡിൽ കഴിയുന്നവർക്കും പുതുതായി വരുന്നവർക്കും ആത്മവിശ്വാസം പകരണം. രക്തസാമ്പിളുകളും ശ്രവങ്ങളും ശേഖരിക്കണം. സൂക്ഷ്മതയോടെ പായ്ക്ക് ചെയ്ത് ലാബിലേക്ക് അയയ്ക്കണം. ഓരോ രോഗിയുടെയും ആരോഗ്യനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ സൂപ്രണ്ടിനെയും നോഡൽ ഓഫീസറെയും അപ്പപ്പോൾ അറിയിക്കണം. ചികിത്സാവിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കണം.

ഷിഫ്ടും ഡ്യൂട്ടി സമയവും ഒന്നും ഇപ്പോൾ ഇവരുടെ ചിന്തയിലില്ല. ഉറക്കം ഒന്നോ രണ്ടോ മണിക്കൂർ മാത്രം.

സ്റ്റാഫ് നഴ്സുമാരിൽ പലർക്കും കൊറോണ വാർഡിൽ ഡ്യൂട്ടി ചെയ്യാൻ ഭയമാണ്. സഹപ്രവർത്തകർക്ക് ആത്മവിശ്വാസം പകരാൻ ഇവർ മൂവരും പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ്സ് ധരിക്കാറില്ല. സാധാരണ പോലെ ഗ്ലൗസും മാസ്കും മാത്രമാണ് ഉപയോഗിക്കുന്നത്.

നിപ്പ പടർന്നു പിടിച്ച വേളയിൽ കോഴിക്കോട്ട് എത്തിയ മന്ത്രി കെ. കെ. ശൈലജയും ആശുപത്രിയിലെ ഡോക്ടർമാരും പകർന്ന ആത്മവിശ്വാസം ഇപ്പോഴും കൈമുതലായി ഇവർക്കുണ്ട്.

പാരിപ്പള്ളിയിൽ രണ്ട് വാർഡുകളിലായി 12 പേരുണ്ട് നിരീക്ഷണത്തിൽ. പരസ്പരം കാണാൻപോലും കഴിയാത്ത വിധമാണ് ഇവരുടെ ബെഡുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഒന്നരമാസം മുൻപ് തൃശൂർ സ്വദേശിനിക്ക് കൊറോണ സ്ഥിരീകരിച്ചതോടൊണ് ഐസൊലേഷൻ വാർഡിലേക്ക് എത്തിയത്. ഇടയ്ക്ക് നിരീക്ഷണം അവസാനിച്ചതോടെ വീണ്ടും വാർഡുകളിലേക്ക് മടങ്ങി. വീണ്ടും കൊറോണ സ്ഥരീകരിച്ചതോടെ മാർച്ച് രണ്ടിനാണ് വീണ്ടും കൊറോണ വാർഡിൽ എത്തിയത്. ആശുപത്രി സൂപ്രണ്ടും ആർ.എം.ഒയും പി.ആർ.ഒയും എല്ലാ പിന്തുണയും നൽകി ഇവർക്കൊപ്പമുണ്ട്.

മൂന്നുപേരും കോഴിക്കോടുകാരാണ്. ഷെൽവിയുടെ മക്കളിൽ ഒരാൾ പ്ലസ് ടുവിനും രണ്ടാമത്തെയാൾ പത്താംക്ലാസിലും പഠിക്കുന്നു. രണ്ടുപേർക്കും പരീക്ഷയാണ്. അവധിയെടുത്ത് കൂടെയിരുന്ന് പഠിപ്പിക്കണമെന്ന് കരുതിയതാണ്. ഭാവിയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങൾക്ക് അവധി നൽകിയാണ് അവിവാഹിതയായ സൈനാ തമ്പി കൊറോണ വാർഡിൽ ഓടിനടക്കുന്നത്. ജീജയുടെ മക്കളിൽ ഒരാൾ ഡിഗ്രിക്കും രണ്ടാമത്തെയാൾ പത്താം ക്ലാസിലുമാണ്. അവർക്കും പരീക്ഷ നടക്കുകയാണ്. ഷെൽവിയെയും ജീജയെയും മക്കൾ വിളിക്കാറുണ്ട്. മക്കളോടും ആശ്വാസവാക്കുകൾ പറഞ്ഞ് അവർ തങ്ങളുടെ നിയോഗത്തിൽ മുഴുകുന്നു.