road
മുതിര പറമ്പിന് സമീപം റോഡിന്റെ പാർശ്വഭിത്തി നിർമ്മാണം പാതിവഴിക്ക് ഉപേക്ഷിച്ച നിലയിൽ.

 റോഡുപണി പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തം

പടിഞ്ഞാറേക്കല്ലട: പടിഞ്ഞാറേക്കല്ലട പഞ്ചായത്തിൽ കിഫ്ബി പദ്ധതി പ്രകാരം നടന്നുവരുകയായിരുന്ന കടപുഴ വളഞ്ഞ വരമ്പ് - കാരാളിമുക്ക് റോഡിന്റെ നവീകരണം നിലച്ചിട്ട് മാസങ്ങളാകുന്നു. പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും യാത്രക്കാരും. കുടിവെള്ളത്തിനായി റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 40 വർഷത്തിലധികം പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് റോഡ് പണി നിറുത്തി വെച്ചത്. പൈപ്പ് ലൈനുകൾ മാറ്റാതെ റോഡ് പണി പൂർത്തീകരിച്ചാൽ പിന്നീട് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന സമയത്ത് റോഡ് വീണ്ടും വെട്ടിപ്പൊളിക്കേണ്ടി വരും. വർഷങ്ങളായി പൈപ്പ് ലൈനുകളിൽ ചെളിയും എക്കലും അടിഞ്ഞുകൂടിയിരിക്കുകയാണ്. കിലോമീറ്ററിന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് കടപുഴ വളഞ്ഞ വരമ്പ് - കാരാളിമുക്ക് റോഡ് നിർമ്മിച്ചു വരുന്നത്.

എത്രയും വേഗം റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കടപുഴ വളഞ്ഞ് വരമ്പ് കാരാളിമുക്ക് റോഡിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ആറേകാൽ കോടിയോളം രൂപ ചെലവ് വരും. ശാസ്താംകോട്ട വാട്ടർ അതോറിറ്റി വിഭാഗം ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടിക്കായി അയച്ചിട്ടുണ്ട്.

ശാസ്താംകോട്ട വാട്ടർ അതോറിറ്റി വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ

ഒരു കിലോമീറ്ററിന് 1 കോടിയിൽ അധികം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചു വരുന്നത്.

റോഡിന്റെ പാർശ്വഭിത്തി നിർമ്മാണം

കടപുഴയ്ക്ക് സമീപം തോട്ടത്തിൽ കടവിൽ നിന്നാരംഭിച്ച റോഡിന്റെ പാർശ്വഭിത്തി നിർമ്മാണം പല സ്ഥലത്തും പാതിവഴിക്ക് ഉപേക്ഷിച്ച നിലയിലാണ്. മിക്ക സ്ഥലത്തും റോഡുവക്കിലെ വീടുകളോട് ചേർന്നാണ് പാർശ്വഭിത്തി നിർമ്മിക്കുന്നത്. പാർശ്വഭിത്തിക്ക് കോൺക്രീറ്റ് ചെയ്യാനായി ഇട്ടിരിക്കുന്ന കമ്പികളിൽ തട്ടി കുട്ടികൾ മറിഞ്ഞുവീണ് അപകടം സംഭവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

റോഡ് റീ ടാർ ചെയ്തിട്ട് 20 വർഷം

കടപുഴ വളഞ്ഞ വരമ്പ് - കാരാളിമുക്ക് റോഡ് റീ ടാർ ചെയ്തിട്ട് ഏതാണ്ട് ഇരുപത് വർഷത്തിലധികമായി. നിരപ്പില്ലാതെ കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡിലൂടെയുള്ള യാത്ര വാഹന - കാൽനട യാത്രക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. റോഡിന്റെ ടാറിഗ് ജോലികളെങ്കിലും വേനൽക്കാലം കഴിയുന്നതിന് മുമ്പ് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.