ഒരു കിലോ ചാള വിലയിൽ മൂന്ന് കിലോ കോഴിയിറച്ചി വാങ്ങാം
കൊല്ലം: ഇറച്ചിക്കോഴി വിൽപ്പന വില 50 രൂപയിലും താഴേക്ക് ഇടിഞ്ഞതോടെ കർഷകരും ചെറുകിട വിൽപ്പനക്കാരും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തി. പക്ഷിപ്പനിയും കൊറോണയും സൃഷ്‌ടിച്ച ആശങ്കയാണ് വിലയിടിവിന് കാരണമെന്ന് പറയുമ്പോഴും ചില്ലറ വിൽപ്പനയിൽ കുറവ് വന്നിട്ടില്ലെന്നാണ് വിൽപ്പനക്കാരുടെ നിലപാട്.
ഹോട്ടലുകളിലേക്കും ആഘോഷങ്ങളിലേക്കുമുള്ള ഇറച്ചിക്കോഴിയുടെ മൊത്തവിൽപ്പന പൂർണമായും നിലച്ചെങ്കിലും വിലയിടിവ് ചില്ലറ വിൽപ്പനയെ സഹായിക്കുന്നുണ്ട്. കടപ്പാക്കട ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ 62 രൂപ വരെ ഒരു കിലോ ഇറച്ചിക്ക് വില ഉയർന്നെങ്കിലും ഗ്രാമകേന്ദ്രങ്ങളിൽ വില 50 രൂപയിൽ താഴേക്ക് ഇടിഞ്ഞു. ഒരു കിലോ ചാളയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ 140 മുതൽ 200 രൂപ വരെയായിരുന്നു ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ വില.
ഒരു കിലോ ചാള വാങ്ങുന്ന കാശുണ്ടെങ്കിൽ മൂന്ന് കിലോയിലേറെ കോഴിയിറച്ചി വാങ്ങാനാകുമെന്നതാണ് ചില്ലറ വിൽപ്പന സജീവമാകാൻ കാരണം. ഹോട്ടലുകളിൽ ഇറച്ചിക്കോഴി വിഭവങ്ങളുടെ വിൽപ്പനയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും വിലയിൽ കുറവൊന്നും വന്നിട്ടില്ല.
പക്ഷേ നാടൻ കോഴികളുടെയും കൈരളി, ഗ്രാമശ്രീ തുടങ്ങി സങ്കരയിനം കോഴികളുടെയും വിൽപ്പന വിലയിൽ ഇടിവുണ്ടായിട്ടില്ല. കിലോ 200 രൂപയ്ക്കാണ് കൊല്ലം നഗരത്തിൽ ഇന്നലെ നാടൻ, കൈരളി, ഗ്രാമശ്രീ കോഴികൾ വിറ്റുപോയത്. പക്ഷിപ്പനി ആശങ്ക കോഴി മുട്ടകളുടെ വിൽപ്പനയെയും ബാധിച്ചിട്ടുണ്ട്.
നഷ്‌ടത്തിൽ തകർന്നടിഞ്ഞ്
കോഴി കർഷകർ
25 മുതൽ 27 രൂപ വരെയാണ് ഒരു കിലോ കോഴിക്ക് കർഷകന് ഇപ്പോൾ ലഭിക്കുന്നത്. 20 മുതൽ 35 രൂപ വരെ കൊടുത്താണ് സങ്കരയിനം മുട്ടക്കോഴികളുടെയും ബ്രോയിലർ കോഴികളുടെയും കുഞ്ഞുങ്ങളെ കർഷകൻ വാങ്ങുന്നത്. ഒരു ബ്രോയിലർ കോഴിക്ക് 45 ദിവസത്തിനുള്ളിൽ 2.2 കിലോഗ്രാം തൂക്കം വെയ്ക്കാൻ 3.2 കിലോഗ്രാം തീറ്റ നൽകണം. ഒരു കിലോ കോഴിത്തീറ്റയ്ക്ക് ശരാശരി വില 28 രൂപയാണ്. ഇതിനൊപ്പം നോട്ടക്കൂലിയും പരിപാലന ചെലവും വേറെ വരും. 150 രൂപയിലേറെ മുടക്കി വലുതാക്കിയ കോഴികളെ കിലോയ്ക്ക് 27 രൂപയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. വൻ തോതിൽ കോഴികളെ വളർത്തിയവർ നഷ്ടം താങ്ങാനാകാതെ മേഖല തന്നെ ഉപേക്ഷിക്കാനൊരുങ്ങുകയാണ്.