കൊല്ലം: കരുനാഗപ്പള്ളി കെ.എസ്.എഫ്.ഇ സിവിൽ സ്റ്റേഷൻ ശാഖയിൽ മുക്കുപണ്ടം പണയം വച്ച് അരക്കോടി തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. 48.88 ലക്ഷം രൂപ കവർന്ന കേസിലെ രണ്ടും മൂന്നും പ്രതികളായ കരുനാഗപ്പള്ളി വെളുത്തമണലിലെ സ്വകാര്യ ഫിനാൻസ് ഉടമകളായ കൃഷ്ണകുമാർ, പ്രിയങ്ക എന്നിവരെയാണ് അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നത്. ഈ മാസം 5ന് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് എൻ.ഹരികുമാർ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസിലെ ഒന്നാം പ്രതിയായ അപ്രൈസർ തേവലക്കര സ്വദേശി ബിജുകുമാർ കൊല്ലം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. വർഷങ്ങളായി തുടരുന്ന ഗൂഡാലോചന തട്ടിപ്പിന് പിന്നിൽ ഉണ്ടെന്ന് വ്യക്തമായിട്ടും അപ്രൈസറെ മാത്രം ബലിയാടാക്കി യഥാർത്ഥ തട്ടിപ്പുകാരെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ കൃഷ്ണകുമാറും പ്രിയങ്കയും ഹൈക്കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന നിലപാടിലാണ് അന്വേഷണ സംഘം.
ഓഡിറ്റ് പരിശോധനയിൽ തട്ടിപ്പ് പുറത്തായി
ജനുവരി 20ന് കെ.എസ്.എഫ്.ഇയുടെ ഓഡിറ്റ് സംഘം സിവിൽ സ്റ്റേഷൻ ശാഖയിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ പുറത്തായത്. ഓഡിറ്റ് സംഘം പരിശോധനയ്ക്ക് എടുത്തുവച്ച പണയ ഉരുപ്പടികളിൽ ഒന്ന് പരിശോധന തുടങ്ങും മുമ്പ് കേസിലെ രണ്ടാം പ്രതിയായ കൃഷ്ണകുമാർ പണമടച്ച് തിരികെയെടുത്തു. അപ്രൈസറായ ബിജുകുമാർ ഫോണിൽ വിളിച്ചത് അനുസരിച്ചാണ് കൃഷ്ണകുമാർ വന്നതെന്ന സംശയം ജീവനക്കാരിൽ ചിലർക്കുണ്ടായി. പിന്നീട് ഇവർ നടത്തിയ പരിശോധനകളിൽ പണയം വച്ചിരിക്കുന്ന ചില ഉരുപ്പടികളുടെ രേഖകളിൽ പ്രത്യേക അടയാളമിട്ടിരിക്കുന്നത് കണ്ടെത്തി.
ഈ ഉരുപ്പടികളിൽ രണ്ടെണ്ണം ജനുവരി 27ന് കരുനാഗപ്പള്ളിയിലെ ഒരു ജൂവലറിയിൽ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു.
സ്വർണം പരിശോധിക്കാൻ ജൂവലറിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞയുടൻ ചായ കുടിക്കാനെന്ന പേരിൽ പുറത്തേക്ക് പോയ ബിജു പിന്നീട് തിരികെവന്നില്ല. അടുത്ത ദിവസം റീജിയണൽ ഓഫീസിൽ വിവരമറിയിച്ച ശേഷം ബ്രാഞ്ച് മാനേജർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് ബോദ്ധ്യപ്പെട്ടതോടെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഒളിവിൽപ്പോയ ബിജുകുമാറിനെ ഗുരുവായൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണകുമാറും പ്രിയങ്കയും മുക്കുപണ്ടം പണയം വച്ച് ലഭിക്കുന്ന തുക ഉപയോഗിച്ച് ശാഖയിൽ മുമ്പ് പണയം വച്ചിരുന്ന യഥാർത്ഥ സ്വർണം തിരികെയെടുക്കുന്നതായിരുന്നു രീതി.