temp
പുനലൂർ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രി രാജേഷ് നമ്പൂതിരി പണ്ടാര അടുപ്പിൽ തിരി തെളിക്കുന്നു

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രത്തിലുള്ള പുനലൂർ ഭരണിക്കാവ് ദേവീ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പൊങ്കാല മഹോത്സവം നടന്നു. ഏഴ് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കാൻ പുലർച്ചെ തന്നെ ദേവിയുടെ തിരു സന്നിധിയിൽ എത്തിയത്. ഇന്നലെ രാവിലെ 7.30ന് ക്ഷേത്രം തന്ത്രി രാജേഷ് നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം തിരുസന്നിധിയിൽ ഒരുക്കിയിരുന്ന പണ്ടാര അടുപ്പിൽ തിരി തെളിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. പിന്നീട് പ്രത്യേക പൂജകൾ നടന്നു. തുടർന്ന് പായസ വിതരണവും നടന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പൊങ്കാല സമർപ്പണം നടന്നത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി വി. ഗോപകുമാർ, ദേവസ്വം സെക്രട്ടറി വിനോദ്, കമ്മിറ്റി അംഗം ര‌ഞ്ജിത്ത് രാധാ കൃഷ്ണൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊങ്കാല സമർപ്പണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് വലയം വച്ച് ഭക്തി നിർഭരമായ ഘോഷയാത്രയും സംഘടിപ്പിരുന്നു.