തൊടിയൂർ: ആറടി പൊക്കമുള്ള വീടിന്റെ മതിൽ ചാടിക്കടന്നെത്തിയ തെരുവ് നായ്ക്കൾ വളർത്തുനായയെ കടിച്ചുകൊന്നു. പുലിയൂർവഞ്ചി വടക്ക് മാളിയേക്കൽ വീട്ടിൽ രാമചന്ദ്രന്റെ ഡാഷ് ഇനത്തിലെ 'ടോമി'യെന്ന് വിളിക്കുന്ന പത്ത് വയസുള്ള നായയെയാണ് സംഘം ചേർന്നെത്തിയ തെരുവ് നായ്ക്കൾ കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം.
വീടിന് മുന്നിലെ റോഡിലൂടെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ രാത്രിയിൽ സഞ്ചരിക്കുക പതിവാണ്. ഈ സമയങ്ങളിൽ വളർത്തുനായ ഇവയ്ക്ക് നേരെ കുരച്ച് ബഹളം വച്ചിരുന്നു. സംഭവ ദിവസം തെരുവുനായ്ക്കൾ പോകുമ്പോൾ ഗേറ്റിനരികിലെത്തി വളർത്തുനായ കുരച്ചു. ഇതോടെ സംഘത്തിലുണ്ടായിരുന്ന നാല് നായ്ക്കൾ മതിൽ ചാടിക്കടന്ന് വളർത്തുനായയെ കടിച്ച് കൊല്ലുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാർ ഉണർന്ന് പുറത്ത് വന്നപ്പോൾ തെരുവ് നായ്ക്കൾ തിരികെ മതിൽ ചാടിപ്പോയിരുന്നു. അപ്പോഴേക്കും വളർത്ത് നായ ചത്തു. പിന്നീട് വീട്ടിൽ തന്നെ കുഴിയെടുത്ത് സംസ്കരിച്ചു.
മൂന്ന് വർഷം മുമ്പും സമാനരീതിയിൽ രാത്രിയിൽ തെരുവ് നായ്ക്കൾ മതിൽ ചാടി അകത്ത് കടന്നിരുന്നു. എന്നാലന്ന് ഉപദ്രവിച്ചിരുന്നില്ലെന്ന് രാമചന്ദ്രൻ പറയുന്നു. സ്നേഹപ്രകടനങ്ങളുമായി നായ്ക്കൾ ബഹളംവയ്ക്കുകയായിരുന്നു. വീട്ടുകാരെത്തിയപ്പോൾ തെരുവ് നായ്ക്കൾ മതിൽ ചാടി പുറത്തുപോവുകയും ചെയ്തു. പത്ത് വർഷം മുമ്പ് അയൽവാസിയായ പൊലീസുകാരൻ ഹരിപ്പാട്ട് നിന്ന് വാങ്ങിയ ഒരു ജോഡി നായ്ക്കളിലെ ആൺ പട്ടിയാണ് ചത്ത ടോമി. പെൺപട്ടി പൊലീസുകാരന്റെ വീട്ടിൽ കാവലായി ഇപ്പോഴുമുണ്ട്.