f
ആനയടി ക്ഷീരോൽപ്പാദക സഹ. സംഘത്തിൽ: കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. മുൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആനയടി ക്ഷീരസംഘം പ്രസിഡന്റും ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്ര പ്രസിഡന്റും തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ഡയറക്ടർ ബോർഡ് അംഗവുമായ വേണുഗോപാലകുറുപ്പിന്റെയും സെക്രട്ടറി ഇൻ ചാർജായ ഉദയഭാനുവിന്റെയും നേതൃത്വത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിനായി അനുവദിച്ച പതിനേഴര ലക്ഷം രൂപ സംഘത്തിന്റെ രേഖകളിൽ ചേർക്കാതെ പിൻവലിക്കുകയും സംഘത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാതെ പാസ്ബുക്കിൽ തിരുത്തലുകൾ വരുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും ക്ഷീര വികസന വകുപ്പ് കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കണ്ടെത്തി. കേന്ദ്ര സർക്കാർ പദ്ധതിയായ സ്കീം ഒഫ് സപ്പോർട്ട് ടു ട്രെയിനിംഗ് ആൻഡ് എംപവർമെന്റ് പ്രോഗ്രാം ഫോർ വിമൺ (സ്റ്റെപ്പ്) പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിൽ അനുവദിച്ച പതിനേഴര ലക്ഷത്തോളം രൂപയുടെ ഫണ്ട് വിനിയോഗത്തെ കുറിച്ച് നിരവധി തവണ വിശദീകരണം ചോദിച്ചെങ്കിലും ശരിയായ മറുപടി നൽകാത്തതിനാൽ സംഘത്തെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

ശൂരനാട് വടക്ക് പഞ്ചായത്തിലെ അഞ്ഞൂറോളം ക്ഷീരകർഷകരായ സ്ത്രീകൾക്ക് രണ്ട് പശുവും തൊഴുത്തും ലഭ്യമാക്കുകയെന്ന ഉദ്ദേശത്തിൽ രണ്ട് കോടി 20 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു (സ്റ്റെപ്പ്). യു.പി.എ സർക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിനായി അനുവദിച്ച 18 ലക്ഷത്തോളം രൂപ ക്ഷീരസംഘത്തിന്റെ പ്രസിഡന്റായിരുന്ന വേണുഗോപാലകുറുപ്പും മുൻ സെക്രട്ടറി ഇൻ ചാർജായിരുന്ന ഉദയഭാനു എന്നിവർ ചേർന്നു തിരിമറി നടത്തുകയായിരുന്നു.

"

ക്ഷീര സംഘത്തിന്റെ പേരിലുള്ള ഇടപാടുകളിൽ സംശയം തോന്നിയതിനാൽ ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രസിഡന്റ് ഏകപക്ഷീയമായി സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്നെ നീക്കിയത്. ബാങ്കിൽ നിന്ന് പണം പിൻവലിച്ചിരിക്കുന്നത് സെക്രട്ടറിയായ എന്റെ ഒപ്പുകൾ വ്യാജമായി ഇട്ടാണെന്ന് ചെക്കുകളുടെ പകർപ്പുകൾ പരിശോധിച്ചാൽ മനസിലാകും.

ഉദയഭാനു,

മുൻ സെക്രട്ടറി ഇൻ ചാർജ്

ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി

ഡയറക്ടറുടെ കണ്ടെത്തലുകൾ

1. കേന്ദ്ര പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക നിക്ഷേപിക്കുന്നതിനായി സംഘം ഭരണ സമിതി അറിയാതെ വ്യാജ ഭരണ സമിതി തീരുമാനം ബാങ്കിൽ സമർപ്പിച്ചാണ് പ്രസിഡൻ്റായ .വേണുഗോപാലകുറുപ്പും സെക്രട്ടറിയായ ഉദയഭാനുവും ചേർന്നു ജോയിൻ്റ് അക്കൗണ്ട് തുടങ്ങിയത്.

2 . ക്ഷീര സംഘം പ്രസിഡൻ്റായ വേണുഗോപാലകുറുപ്പ് നേരിട്ട് ചെക്ക് മുഖേനയാണ് പതിനേഴര ലക്ഷത്തോളം രൂപ പിൻ വലിച്ചിരിക്കുന്നത്

3 .. പതാരം സർവ്വീസ് സഹകരണ ബാങ്കിൽ തുക നിക്ഷേപിക്കാതെ പാസ് ബുക്കിൽ തിരുത്തലുകൾ വരുത്തി സംഘത്തിൻ്റെ നാൾവഴി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്ത് ഒന്നര ലക്ഷം രൂപ പ്രസിഡൻ്റും സെക്രട്ടറിയും ഇൻ ചാർജ്ജും തിരിമറി നടത്തി.

4. പ്രസിസ്റ്റൻ്റ് ഉൾപ്പടെ ഭരണ സമിതിയിലെ നാലംഗങ്ങളെ അയോഗ്യരാക്കുന്നതിന് ശുപാർശ ചെയ്യുന്നു.

5. സംഘത്തിന് നഷ്ടം വന്ന തുകയിൽ പന്ത്രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരത്തി നാനൂറ്റി അറുപത്തേഴ് രൂപ വേണുഗോപാലകുറുപ്പിൽ നിന്നും ആറ് ലക്ഷത്തി എൺപത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തി അഞ്ചു രൂപ മുൻ സെക്രട്ടറി ഇൻ ചാർജായിരുന്ന ഉദയ ഭാനുവിൽ നിന്നും ഈടാക്കണം.