c
iഗതാഗത യോഗ്യമല്ലാത്ത ചേരൂർ ഇടയിലവിള റോഡ്

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചേരൂർ ലൈനിൽ നിന്നാരംഭിക്കുന്ന ചേരൂർ ഇടയിലവിള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ചേരൂർ ലൈനിൽ നിന്നാരംഭിക്കുന്ന പോക്കറ്റ് റോഡാണ് ചേരൂർ ഇടയിലവിള റോഡ്. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ കഴിഞ്ഞ പതിനഞ്ചു വർഷമായി ടാറും മെറ്റലും ഇളകി ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇതുവഴിയുള്ള കാൽനടയാത്രപോലും ദുസഹമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും തെന്നിവീണ് അപകടമുണ്ടാകുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്. അയണിമൂട് രക്ഷാസൈന്യം പള്ളിയിലേക്കുള്ള എളുപ്പവഴിയാണ് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ മൂലം തകർന്നു തരിപ്പണമായി കിടക്കുന്നത്. കൊട്ടാരക്കര നഗരസഭയുടെ കെടുകാര്യസ്ഥത മൂലമാണ് റോഡ് തകർന്ന് കിടക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ നഗരസഭാ അധികൃതർ തയ്യാറാകണമെന്ന് ജനകീയവേദി പ്രവർത്തകർ ആവശ്യപ്പെടുന്നു.