കൊല്ലം: മലയാളിയുടെ നാവിൽ സംഗീതത്തിന്റെ ദേവാമൃതം പൊഴിച്ച പരവൂർ ജി.ദേവരാജൻ മാസ്റ്ററുടെ ഓർമ്മകൾക്ക് പതിനാലാണ്ട്. മാസ്റ്റർ പകർന്ന സംഗീതത്തിന്റെ മാസ്മരികത പുതുതലമുറയ്ക്ക് പകർന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അരുമ ശിഷ്യൻ സതീഷ് രാമചന്ദ്രൻ (42). കാലത്തെയും പ്രകൃതിയെയും മനുഷ്യമനസുകളെയും സമന്വയിപ്പിച്ചായിരുന്നു ദേവരാജ സംഗീതം പിറന്നിരുന്നത്. അതിന്റെ മൂല്യം കെടാവിളക്കായി സൂക്ഷിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയുമാണ് തന്റെ ജീവിത ദൗത്യമെന്ന തിരിച്ചറിവിലാണ് സതീഷും.
കൊട്ടാരക്കര പുത്തൂർ മാറനാട് ചെമ്പകശേരി വിളയിൽ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെയും തങ്കമണി അമ്മയുടെയും മകനായ സതീഷ് രാമചന്ദ്രൻ തിരുവനന്തപുരം സംഗീത കോളേജിലെ പഠനകാലത്താണ് 1996ൽ ദേവരാജൻ മാസ്റ്ററുടെ അടുക്കൽ ആദ്യമായെത്തിയത്. ആദ്യ സന്ദർശനത്തിൽ വളരെക്കുറച്ച് മാത്രമേ വർത്തമാനമുണ്ടായുള്ളൂവെങ്കിലും വലിയൊരു ആത്മബന്ധത്തിന് അവിടെ തുടക്കമിടുകയായിരുന്നു. സതീഷ് മാസ്റ്ററുടെ വീട്ടിലെ നിത്യസന്ദർശകനായും അരുമ ശിഷ്യനുമായും മാറിയത് വളരെ പെട്ടെന്നാണ്.
കാർക്കശ്യക്കാരനാണെങ്കിലും മാഷിനൊപ്പമുള്ള നിമിഷങ്ങൾ സ്വർഗ തുല്യമായിരുന്നുവെന്ന് സതീഷ് ഓർക്കുന്നു. 'എന്റെ ചലച്ചിത്ര ഗാനങ്ങൾ നിങ്ങളാരും പ്രചരിപ്പിക്കേണ്ടതില്ല, അത് എല്ലാ മലയാളികളുടെയും ചുണ്ടുകളിലുണ്ടാകും. എന്നാൽ ഇനി വരുന്നൊരു തലമുറയ്ക്കായി ഞാനൊരു തീപ്പന്തം കവലയിൽ കൊളുത്തിവയ്ക്കും. അത് കൈകളിലേന്താൻ ഒരു കൂട്ടം ആളുകളെത്തണം, ഒരാൾക്കെങ്കിലും അത് പ്രയോജനപ്പെടുകയും വേണം"- ഒരിക്കൽ മാസ്റ്റർ പറഞ്ഞത് സതീഷ് ഉള്ളറിഞ്ഞുൾക്കൊണ്ടിരുന്നു.
മാസ്റ്റർ രൂപം നൽകിയ ശക്തിഗാഥ ക്വയറിനൊപ്പം മൂന്നര വർഷം മുൻപ് തിരുവനന്തപുരം പേട്ടയിൽ തുടങ്ങിയ ദേവരാഗപുരവും (ജി.ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി) ആ തീപ്പന്തമാണെന്നാണ് വിലയിരുത്തൽ. സംഗീതം, ഉപകരണ സംഗീതം എന്നിവയിലായി 320 കുട്ടികൾ ഇപ്പോൾ അക്കാദമിയുടെ കീഴിൽ പഠിക്കുന്നുണ്ട്. ആശുപത്രിക്കിടക്കയിൽ നിന്നുമെത്തിയ അവസാന നാളിൽ ജി.ദേവരാജൻ പൂർത്തിയാക്കിയ ഷഡ്കാല പല്ലവിയെ സതീഷ് രാമചന്ദ്രൻ നേതൃത്വം നൽകുന്ന ട്രസ്റ്റും മറ്റ് സംഘടനകളും ചേർന്ന് ഇക്കഴിഞ്ഞ 22ന് വേദിയിലെത്തിച്ചിരുന്നു. ഷഡ്കാല പല്ലവി പൂർത്തിയാക്കി രണ്ടാം നാളിലായിരുന്നു (2006 മാർച്ച് 14) ദേവരാഗങ്ങളുടെ ശില്പിയായ ആ പ്രതിഭയുടെ അന്ത്യം.
കർണാടക സംഗീതത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങാൻ തയ്യാറെടുക്കുന്ന ഗവേഷണ വിദ്യാർത്ഥികൾക്ക് വേണ്ടി സംഗീത ശാസ്ത്ര നവസുധ എന്ന ഗ്രന്ഥവും ജി.ദേവരാജൻ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ജി.ദേവരാജന്റെ അനുഗ്രഹാശിസുകളോടെ സംഗീത ലോകത്തെത്തിയ സതീഷ് രാമചന്ദ്രനും ഏഴ് ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ സിൻജാൻ എന്ന ചിത്രത്തിന് ദേശീയ അവാർഡും ലഭിച്ചു. ജി.ദേവരാജൻ അനുസ്മരണ സമ്മേളനം വിപുലമായി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുണ്ടായിരുന്നെങ്കിലും കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മാനവീയം നഗറിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ചുരുക്കുകയാണെന്ന് ദേവരാഗപുരം ഡയറക്ടറും ജി.ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറിയുമായ സതീഷ് രാമചന്ദ്രൻ പറഞ്ഞു.