എഴുകോൺ: വിദേശയാത്ര കഴിഞ്ഞ് വന്ന കമ്മിറ്റി അംഗം പാർട്ടി ഓഫീസ് സന്ദർശിച്ചതിനെ തുടർന്ന് സി.പി.എം ഏരിയാ കമ്മിറ്റി യോഗം ഉപേക്ഷിച്ചു. എഴുകോൺ സർവീസ് സഹകരണ ബാങ്ക് വിഷയം, നെടുവത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പ് എന്നിവ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റി നേതാക്കളടക്കം പങ്കെടുക്കാനിരുന്ന യോഗമാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഏരിയാ കമ്മിറ്റി അംഗമായ വെളിയം സ്വദേശി ഗൾഫ് സന്ദർശനത്തിന് പോയി നാല് മാസത്തിന് ശേഷമാണ് തിരികെയെത്തിയത്. വ്യാഴാഴ്ച്ച ഉച്ചയോടെ വീട്ടിലെത്തിയ ശേഷം ഇന്നലെ വൈകിട്ട് എഴുകോൺ സി.പി.എം പാർട്ടി ഓഫീസിൽ എത്തി ഒരു മണിക്കൂറോളം ചെലവഴിച്ചു. കൊറോണ ബാധിത രാജ്യത്ത് നിന്ന് വന്നതിനാൽ വെളിയം പി.എച്ച് സെന്ററിൽ നിന്നുള്ള അറിയിപ്പനുസരിച്ച് എഴുകോൺ പി.എച്ച് സെന്ററിൽ നിന്ന് ആരോഗ്യ വകുപ്പ് ഉഗ്യോഗസ്ഥർ പാർട്ടി ഓഫീസിൽ എത്തി മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ രാവിലെ 9.30ന് ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. രാഘവൻ, കെ. രാജഗോപാൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ. ഏബ്രഹാം തുടങ്ങിയവർ പങ്കെടുക്കാനിരുന്ന യോഗമാണ് അംഗങ്ങൾ തീരുമാനിച്ച് മാറ്റിവച്ചത്. ആരോഗ്യ പ്രവർത്തകർ പാർട്ടി ഓഫീസിലെത്തി വ്യാഴാഴ്ച്ച വൈകിട്ട് പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ നിർദ്ദേശിച്ചു. തുടർന്ന് വിദേശത്ത് നിന്ന് വന്ന വ്യക്തിയെ 14 ദിവസം വീട്ടിൽ നിറുത്തി നിരീക്ഷിക്കാനും നടപടി സ്വീകരിച്ചു.