കരുനാഗപ്പള്ളി: വേലിയേറ്രത്തെ തുടർന്ന് പാറ്റോലി തോട്ടിൽ വെള്ളം ഉയരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. തോട്ടിന്റെ വശങ്ങളിൽ കെട്ടിയുയർത്തിയിട്ടുള്ള കരിങ്കൽ ഭിത്തി കടന്ന് വീടുകൾക്കുള്ളിലേക്ക് വെള്ളം കയറുമോയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവർ കഴിയുന്നത്. വെള്ളം കയറിക്കഴിഞ്ഞാൽ കൈയിൽ കിട്ടുന്നതെല്ലാം പെറുക്കിയെടുത്ത് ഉയർന്ന സ്ഥലങ്ങളിലേക്കുള്ള ഒാട്ടമാണ്. വേലിയേറ്രമുണ്ടായാൽ രാത്രിയിൽ വീട്ടിനുള്ളിലേക്ക് കയറുന്ന വെള്ളം കോരി പുറത്ത് കളയണം. മിക്ക ദിവസങ്ങളിലും അർദ്ധരാത്രി കഴിയുന്നതോടെ വേലിയേറ്റം ആരംഭിക്കും. അല്പസമയം കഴിയുമ്പോഴേക്കും പരിസരമാകെ വെള്ളത്തിൽ മുങ്ങും. തുടർന്ന് വെള്ളം വീട്ടിനുള്ളിലേക്ക് കയറും. രാത്രിയിൽ വീട്ട് സാധനങ്ങൾ എല്ലാം ഒതുക്കി വെള്ളം കയറാത്ത ഇടങ്ങളിൽ സൂക്ഷിച്ച് വെക്കാറാണ് പതിവ്. 20 ഓളം കുടംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതവും പേറി ജീവിക്കുന്നത്.
വർഷങ്ങളായി ഞങ്ങൾ ഈ ദുരിതവും പേറിയാണ് ജീവിക്കുന്നത്. ഭയത്തോടെയാണ് എന്നും വീട്ടിനുള്ളിൽ കിടന്നുറങ്ങുന്നത്. തോട്ടിനെക്കാൾ താഴ്ന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇവിടേക്ക് വെള്ളം എളുപ്പത്തിൽ കയറും
പാറ്റോലി തോടിന്റെ പടിഞ്ഞാറ് വശത്ത് താമസിക്കുന്ന രത്നമ്മ
സംരക്ഷണ ഭിത്തിയുടെ പടിഞ്ഞാറ് വശത്ത് ഗ്രാവൽ ഇട്ട് ഉയർത്തിയാൽ തോട്ടിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് ഒരു പരിധിവരെ നടയാൻ കഴിയും. തുളസീധരൻ(പ്രദേശവാസി)
20 ഓളം കുടംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതവും പേറി ജീവിക്കുന്നത്
അറവ് മാലിന്യം
വേലിയേറ്രത്തെ തുടർന്ന് വെള്ളം ഉയരുമ്പോൾ പാറ്റോലി തോട്ടിൽ നിന്ന് വെള്ളത്തോടൊപ്പം കരയ്ക്കെത്തുന്ന മാലിന്യങ്ങാണ് നാട്ടുകാർക്ക് ഏറെ വിനയാകുന്നത്. വേലിയിറക്കത്തിൽ വെള്ളം ഇറങ്ങിക്കഴിഞ്ഞാലും അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കരയ്ക്ക് അടിയും. പകൽ സമയത്ത് അറവ് മാലിന്യങ്ങളിൽ നിന്നുയരുന്ന ദുർഗന്ധം പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
10 വർഷം
പത്ത് വർഷത്തിന് മുമ്പാണ് തോടിന്റെ വശങ്ങളിൽ കരിങ്കൽ ഭിത്തി നിർമ്മിച്ചത്. തോട്ടിൽ നിന്ന് വെള്ളം കരയിലേക്ക് കടക്കാതിരിക്കാനായിരുന്നു സംരക്ഷണ ഭിത്തിയുടെ നിർമ്മാണം. എന്നാൽ കരിങ്കൽ ഭിത്തി സിമന്റ് ഉപയോഗിച്ച് പൂശാത്തതിനാൽ പാറയുടെ വിടവുകളിൽ കൂടി വെള്ളം കരയിലേക്ക് കയറുകയാണ്. സംരക്ഷണ ഭിത്തിയുടെ പടിഞ്ഞാറ് വശത്ത് ഗ്രാവൽ ഇട്ട് ഉയർത്തിയാൽ തോട്ടിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് ഒരു പരിധിവരെ നടയാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് പല തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.