photo
തീപിടിത്തത്തിൽ കത്തിനശിച്ച കേരളപുരത്തെ ഫർണിച്ചർ ഗോഡൗൺ

കുണ്ടറ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്നലെ കുണ്ടറയിലെ വിവിധയിടങ്ങളിൽ തീപിടിത്തമുണ്ടായതോടെ അഗ്നിരക്ഷ സേനാംഗങ്ങൾ നെട്ടോട്ടമോടേണ്ട സ്ഥിതിയായി. രാവിലെ 10.30ഓടെ കിഴക്കേകല്ലട ചിറ്റുമല ഓണമ്പലത്ത് കനാൽ റോഡിലെ കുറ്റിക്കാടിന് തീപിടിച്ചു. കുണ്ടറയിൽ നിന്നെത്തിയ അഗ്നിശമന സേന തീകെടുത്തി പോയതിന് പിന്നാലെ തീ വീണ്ടും പടർന്നുപിടിച്ചു. തുടർന്ന് ശാസ്താംകോട്ട യൂണിറ്റിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീകെടുത്തുകയായിരുന്നു.

ഉച്ചയ്ക്ക് 1.30ഓടെ കേരളപുരം മാമ്പുഴ റോഡിൽ നാലുമുക്കിലെ ഫർണിച്ചർ ഗോഡൗണിനും പണിശാലയ്ക്കുമുണ്ടായ തീപിടിത്തത്തിൽ സ്ഥാപനം പൂർണമായി കത്തിനശിച്ചു. പൊലൂഷൻ സംബന്ധമായ പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അടച്ചിട്ടിരുന്ന സ്ഥാപനത്തിനാണ് വീണ്ടും തുറക്കുന്നതിനുള്ള അനുമതി ലഭിക്കാനിരിക്കെ തീപിടിച്ചത്. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി തീകെടുത്തുകയായിരുന്നു. ഫർണിച്ചർ ഉപകരണങ്ങൾ, പെയിന്റിംഗ് പോളിഷിംഗ് മെറ്റീരിയലുകൾ, മെഷിനറികൾ ഉൾപ്പെടെ കത്തിനശിച്ചതിലൂടെ ഏകദേശം 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

ഉച്ചയ്ക്ക് 2.30 ഓടെ മീയണ്ണൂർ അസീസിയ ആശുപത്രിക്ക് സമീപം റോഡരികിലെ പുൽക്കാടിനും തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചപ്പുചവറുകളോ കരിയിലയോ കൂട്ടിയിട്ട് തീയിട്ടതാണ് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുണ്ടറ ഫയർ സ്റ്റേഷൻ ഓഫീസറായ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഉദയകുമാർ, സീനു, ജിനുരാജ്, ശ്യാം, പ്രമോദ്‌, സുരേഷ്കുമാർ, അനിൽകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 മണിക്കൂറുകളുടെ വ്യത്യാസം
 രാവിലെ 10.30 ഓടെ ഓണമ്പലത്ത്
 ഉച്ചയ്ക്ക് 1.30 ഓടെ നാലുമുക്കിൽ
 ഉച്ചയ്ക്ക് 2.30 ഓടെ മീയണ്ണൂരിൽ